കൊച്ചി മറൈൻഡ്രൈവിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം നാല് മണിയോടെയാണ് കായലിന്റെ തീരത്തോടു ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പെൺകുഞ്ഞിന്റെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ടെത്തുമ്പോൾ മൃതദേഹം നേരിയ തോതിൽ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു.
മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന്റെ മരണകാരണം എന്താണെന്നോ മൃതദേഹം എങ്ങനെ കായലിൽ എത്തിയെന്നോ ഉള്ള കാര്യത്തിൽ നിലവിൽ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
മറൈൻഡ്രൈവിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
