റിപ്പോർട്ടർ ടി വിയുടെ ലൈസൻസ് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; ഇൻസൈറ്റ് കേരള ബിഗ് ഇംപാക്ട്

insight kerala

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ച് ഇൻസൈറ്റ് കേരള വാർത്ത നൽകിയിരുന്നു. തുടർന്ന് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് ഇതുസംബന്ധിച്ച് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയാണ് ചാനല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നതിൻ്റെ രേഖകൾ ഇൻസൈറ്റ് കേരള പുറത്തുവിട്ടിരുന്നു.

എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ‘ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍’ കമ്പനിക്കാണ് റിപ്പോർട്ടർ ടിവിയുടെ യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത്. രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്കിങ്, ഡൗണ്‍ലിങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചാണ് ചാനലിന്റെ ഇപ്പോഴത്തെ ഉടമസ്ഥതയും പ്രവര്‍ത്തനവുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നടപടികളെ മറികടക്കാന്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ വളഞ്ഞ വഴി സ്വീകരിച്ചുവെന്നും, കെ.ജെ ജോസിനെ മാനേജിങ് ഡയറക്ടറാക്കി ‘റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’ രൂപീകരിച്ചത് 2022-ലെ ബ്രോഡ്കാസ്റ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വാണിജ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ട്രാന്‍സ്പോര്‍ടിംഗ് ആന്‍ഡ് സ്റ്റോറേജ് എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാൽ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇപ്പോഴും എം.വി. നികേഷ് കുമാറാണ് ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. നികേഷിന്റെ ഭാര്യ റാണി വര്‍ഗീസ് ഡയറക്ടറും. ഇന്തോ ഏഷ്യന്‍ ചാനല്‍ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രേഖകളില്‍ അഗസ്റ്റിന്‍ സഹോദരന്മാരുടെ ആരുടെയും പേരില്ല. എന്നാല്‍ അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈബ്‌സൈറ്റിലും പൊതുസമൂഹത്തിനിടയിലും അവകാശപ്പെടുന്നത് തങ്ങളുടേതാണ് റിപ്പോര്‍ട്ടര്‍ ടിവി എന്നാണ്.

ആന്റോ അഗസ്റ്റിന്‍ മാനേജിംഗ് ഡയറക്ടർ മാത്രമല്ല എഡിറ്റര്‍ ഇന്‍ ചീഫും ആണ്. സഹോദരന്മാരായ റോജി അഗസ്റ്റിന്‍ ചെയര്‍മാനും ജോസുകുട്ടി അഗസ്റ്റിൻ വൈസ് ചെയര്‍മാനുമെന്നും ഇവർ അവകാശപ്പെടുന്നു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ, വിതരണ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം കൈമാറ്റം അനുവദനീയമല്ല. എങ്കിലും ചാനലിന്റെ ഉടമസ്ഥര്‍ എന്നാണു ആന്റോയും സഹോദരന്മാരും സ്വയം വിശേഷിപ്പിക്കുന്നത്.
ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം തേടി ഇന്‍സൈറ്റ് കേരള നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് കണ്ടെത്തിയത്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥര്‍ എന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ചാനല്‍ നടത്താനുള്ള ലൈസന്‍സ് ലഭ്യമായിട്ടില്ല. ട്രാന്‍സ്പോര്‍ടിംഗ് ആന്‍ഡ് സ്റ്റോറേജ് എന്ന വിഭാഗത്തിലാണ് ഈ കമ്പനി വാണിജ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതായത് സ്റ്റോറേജും ട്രാൻസ്പോർട്ടിംഗും നടത്താൻ രജിസ്റ്റർ ചെയ്ത കമ്പനി വാർത്തകളും നുണകളും വാണിജ്യാടിസ്ഥാനത്തിൽ പടച്ചുവിടുന്നുവെന്ന് സാരം. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ ആയി മെല്‍ബി ജോസ്, ജോസ് കടയില്‍തട്ടില എന്ന വ്യക്തികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. അഗസ്റ്റിന്‍ സഹോദരന്മാര്‍ അവകാശപ്പെടുന്നതുപോലെ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം അവര്‍ക്ക് ഇല്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ യഥാര്‍ത്ഥ ഉടമകളെ അന്വേഷിച്ചിറങ്ങിയ ഇന്‍സൈറ്റ് കേരള അവിടെയും അഗസ്റ്റിന്‍ സഹോദരങ്ങളുടെ കുബുദ്ധിയുടെ ആഴം തിരിച്ചറിഞ്ഞു . റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മെല്‍ബി ജോസ് ജോസ് കുട്ടി അഗസ്റ്റിന്റെ ഭാര്യ ആണ് . രണ്ടാമനായ ജോസ് കടയില്‍തട്ടില എന്ന വ്യക്തി ആന്റോ അഗസ്റ്റിന്റെ ഭാര്യാ പിതാവാണെന്നും വ്യക്തമായി . റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോപ്ലക്സ് എന്ന വിലാസത്തില്‍ മറ്റ് അഞ്ച് കമ്പനികള്‍ കൂടി മെല്‍ബി ജോസ് ഡയറക്ടര്‍ ആയി വാണിജ്യ മന്ത്രാലയത്തില്‍ രജിസ്ടര്‍ ചെയ്യപ്പെട്ടിട്ടുണ്ട് . വെറും പത്തുലക്ഷം രൂപ മൂലധന നിക്ഷേപമായി രജിസ്ടര്‍ ചെയ്ത റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ തങ്ങളാണെന്ന് അഗസ്റ്റിനും കൂട്ടരും അവകാശപ്പെടുമ്പോള്‍ മെല്‍ബി ജോസ്, ജോസ് കടയില്‍തട്ടില എന്നിവര്‍ ഇവരുടെ ബെനാമി ഇടപാടുകാര്‍ ആണെന്ന് വ്യക്തമാണ് .

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം.ഡി കെ.ജെ. ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിനും നികേഷ് കുമാര്‍, റാണി വര്‍ഗീസ് എന്നിവര്‍ക്കുമെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചാനലിന്റെ ഉടമസ്ഥാവകാശമുള്ള അഗസ്റ്റിന്‍ സഹോദരന്മാര്‍ 2016-ലെ മാംഗോ ഫോണ്‍ സാമ്പത്തിക തട്ടിപ്പ് കേസിലും 2021-ലെ വിവാദമായ വയനാട് മുട്ടില്‍ മരംമുറി കേസിലും പ്രതികളാണെന്ന കാര്യവും ഹര്‍ജിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് ഉടമസ്ഥര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് നിലവിലെ നിയമങ്ങള്‍ക്കും ലൈസന്‍സ് നിബന്ധനകള്‍ക്കും വിരുദ്ധമാണെന്നും സാബു എം. ജേക്കബ് ഹര്‍ജിയില്‍ വാദിക്കുന്നു.

ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് എതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന് റിപ്പോര്‍ട്ടര്‍ ടിവിക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസ് അവസാനിക്കുന്നത് വരെ സാബു എം ജേക്കബിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കരുതെന്ന് പെരുമ്പാവൂര്‍ സബ് കോടതി ഉത്തരവിട്ടു. ട്വന്റി-20യുടെ എന്‍ഡിഎ പ്രവേശനം ഇഡിയില്‍ നിന്ന് രക്ഷപെടാന്‍ എന്ന വാര്‍ത്തയ്ക്കെതിരെയാണ് സാബു കോടതിയെ സമീപിച്ചത്.

വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മനപൂര്‍വ്വം ഉപദ്രവിക്കാനാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ശ്രമിക്കുന്നതെന്ന് നേരത്തെ സാബു എം ജേക്കബ് വിമര്‍ശിച്ചിരുന്നു. ന്യൂസ് ചാനല്‍ കൈയ്യില്‍ ഉണ്ടെന്ന് കരുതി ആരെയും കരിവാരി തേക്കാം എന്ന ചിന്ത മാറണം. ലൈസന്‍സ് ഇല്ലാതെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് വിടണം. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റ്യന്‍, മാനേജിങ് ഡയറക്ടര്‍ കെ.ജെ.ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, ചെയര്‍മാന്‍ റോജി അഗസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റ്യന്‍,ജീവനക്കാരും ചാനലിലെ റിപ്പോര്‍ട്ടര്‍മാരുമായ അരുണ്‍ കുമാര്‍,സ്മൃതി പരിത്തിക്കാട്, ടി.വി സുനില്‍, ജിമ്മി ജെയിംസ്, ടി.വി പ്രസാദ്, എസ്.എസ്.സരന്‍, വിനീത വേണു, അര്‍ജുന്‍ മട്ടന്നൂര്‍ എന്നിവര്‍ക്കും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ നികേഷ് കുമാര്‍, ഡയറക്ടര്‍ റാണി വര്‍ഗീസ് എന്നിങ്ങനെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ സിവിലായും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാബു ജേക്കബ് അറിയിച്ചിരുന്നു.

Share This Article