തിരുവനന്തപുരം ജില്ലയിൽ ഡോക്ടർമാർ ഇന്ന് കൂട്ട് അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിലെ പ്രതിഷേധമാണ് KGMOA നടത്തുന്നത്. വിശദമായ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് ഡോക്ടറെ സസ്പെൻഡ് ചെയ്തെന്നാണ് ആരോപിക്കുന്നത്. ആശുപത്രിയിൽ ഉണ്ടായ പ്രതിഷേധത്തിനിടെ സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരിക്കേറ്റതായും ഇതിൽ അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് ജില്ലയിൽ ഡോക്ടർമാർ പ്രതിഷേധിക്കുന്നത്.
ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നേരെ ഉണ്ടായ അതിക്രമം ഒരു ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
അന്വേഷണ റിപ്പോർട്ടുകൾ പരിഗണിക്കാതെയും സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ടും ഡോക്ടർക്കെതിരെ എടുത്തിട്ടുള്ള സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണം. ചികിത്സാ സങ്കീർണ്ണതകളെ പിഴവുകളായി മുദ്രകുത്തി ഡോക്ടർമാരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ശാസ്ത്രീയമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപായി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കണം.
ആരോഗ്യ പ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്നാണ് സംഘടനാ ആവശ്യപ്പെടുന്നത്

