പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച എന്ന് അന്വേഷണ റിപ്പോർട്ട്

insight kerala

തിരുവനന്തപുരം: ചൊവ്വാഴ്ചയാണ് പാലോട് സ്വദേശി നിരഞ്ജന കൃഷ്ണന്‍റെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ച് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കുഞ്ഞിൻറെ മാതാപിതാക്കളുടെ പരാതിയ്ക്കും പ്രതിഷേധത്തിനും ഒടുവിലാണ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തത്. ഡോക്ടർ 10000 രൂപ കൈക്കൂലി വാങ്ങിയെന്ന് കുഞ്ഞിൻറെ പിതാവ് മൊഴി നൽകുകയും ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധം ഒടുവിൽ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് ഡിഎംഒയ്ക്ക് പരിക്കേൽക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തപ്പോൾ പ്രതിഷേധവുമായി കെജിഎംഒയും രംഗത്ത് വന്നിരുന്നു. അന്വേഷണത്തിന് മുമ്പ് തന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്തതിലും സംഘടന പ്രതിഷേധിച്ചു. ഒപി ബഹിഷ്കരിച്ച് ഡോക്ടർ പണിമുടക്കുകയും ചെയ്തു. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തിലാണ് ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച എന്ന അന്വേഷണ റിപ്പോർട്ട് ഇപ്പോൾ വന്നിരിക്കുന്നത്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘമാണ് വിശദമായി അന്വേഷണം നടത്തിയത്. ഗർഭസ്ഥ ശിശുവിന് വളർച്ച കുറവായിരുന്നു എന്ന കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതീവ ജാഗ്രതയോടെ നേരത്തെ തന്നെ ശസ്ത്രക്രിയ നടത്താമായിരുന്നിട്ടും അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവില്‍ സസ്പെന്‍ഷനിലുള്ള ഡോ. ബിന്ദുവിനെതിരെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികൾ വന്നേക്കും.

Share This Article