എസ്എഫ്ഐക്കാർ മർദ്ദിച്ച പോലീസുകാരനെതിരെ കേസെടുത്ത നടപടിയിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണ്. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘം ആക്രമിച്ചപ്പോള്‍ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകല്‍ ഒരു ക്രിമിനല്‍ കുത്തി പരിക്കേല്‍പ്പിച്ചു. വടിവാളുകള്‍ക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആര്‍ ഏജന്‍സികള്‍ ഊതി വീര്‍പ്പിച്ച അതേ പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓര്‍ക്കണം. വാർത്താക്കുറിപ്പിൻ്റെ പൂർണ്ണ രൂപം
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡോയിയില്‍ വ്യക്തമാണ്. എന്നിട്ടും മര്‍ദ്ദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിര്‍വഹണമാണിത്? പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനല്‍ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്‍ ചേര്‍ത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്.
അയ്യപ്പന്റെ സ്വര്‍ണം പോലും തട്ടിയെടുത്ത കൊള്ള സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി നടപ്പാക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്.
സി.പി.എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചതൊക്കെയും കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ക്രിമിനലുകളെ വളര്‍ത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. കേരളം അതിനായി കാത്തിരിക്കുകയാണെന്നത് സര്‍ക്കാരും സി.പി.എമ്മും മറക്കേണ്ട എന്നും വാർത്താക്കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

