പൂരം കലക്കലിന് പിന്നിൽ ഗൂഢാലോചന ആവർത്തിച്ച് വിഎസ് സുനിൽകുമാർ

insight kerala

തൃശൂര്‍: പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ഒന്നാംപ്രതിയാവേണ്ടത് അന്നത്തെ ജില്ലാ കലക്ടര്‍ ആയിരുന്നെന്നും മന്ത്രിമാരോ എംഎല്‍എമാരോ അങ്ങോട്ട് വരേണ്ടതില്ലെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞതെന്നും സുനില്‍കുമാര്‍ പറഞ്ഞു. പൂരം കലക്കലിന് പിന്നില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരുമുണ്ടെന്നും ദേവസ്വത്തിലെ ചിലര്‍ക്ക് പങ്കുണ്ടെങ്കിലും ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

‘പൂരം കലക്കലുമായി ബന്ധപ്പെട്ട് മൂന്ന് തട്ടിലായാണ് അന്വേഷണം നടന്നത്. ആ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. തിരുവമ്പാടി ദേവസ്വത്തെ ഇതുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ദേവസ്വം പൂരം അലങ്കോലപ്പെടുത്താന്‍ കൂട്ടുനില്‍ക്കുമെന്ന് വിശ്വസിക്കാനാകില്ല. എങ്കിലും, ആ ദേവസ്വത്തിനകത്തെ വ്യക്തികളില്‍ ആര്‍ക്കെല്ലാമാണ് ഇതില്‍ പങ്കുള്ളതെന്ന കാര്യം വ്യക്തമായി അറിയേണ്ടതുമുണ്ട്. പൂരം കലക്കലിന് പിന്നില്‍ രാഷ്ട്രീയമായ ഗൂഢാലോചനയുണ്ടെന്നാണ് എനിക്ക് മനസിലായത്. ആ രാഷ്ട്രീയ ഗൂഢാലോചനയാണ് വ്യക്തമായി പുറത്തുവരേണ്ടത്. പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ ലാഭം കൊയ്യാന്‍ ഇറങ്ങിത്തിരിച്ച പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകള്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്തം. അവര്‍ക്ക് സഹായകമായ ചില കാര്യങ്ങള്‍ ദേവസ്വത്തിനകത്തെ ചിലര്‍ സ്വീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്’. സുനില്‍കുമാര്‍ പറഞ്ഞു.

Share This Article