കണ്ണൂർ: കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്. ഇക്കുറി കണ്ണൂർ സിറ്റി സ്വദേശിനിയിൽ നിന്ന് ഒരു കോടി 58 ലക്ഷം രൂപ തട്ടിയെടുത്തു. 77കാരിയായ മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്. പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വീഡിയോ കോൾ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്.
പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്.സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്സാപ്പിൽ വീഡിയോ കാേൾ ചെയ്യുകയായിരുന്നു. പഹൽഗാം ഭീകരരിൽ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു. നിരപരാധി എന്ന് തെളിയിക്കാൻ കൈവശം ഉള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണം എന്നാണ് ഇവർ ആവശ്യം ഉന്നയിച്ചത്.
ഇവരുടെ വാക്കുകൾ വിശ്വസിച്ച വയോധിക അക്കൗണ്ടിലുള്ള 1 കോടി 58 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. വൈകാതെ തന്നെ പണം നഷ്ടപ്പെട്ടെന്ന് ഇവർക്ക് ബോധ്യമായി. പിന്നാലെ പോലീസിൽ പരാതി നൽകുക ആയിരുന്നു. കണ്ണൂർ സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

