പ്രേംകുമാറിന് തെറ്റിദ്ധാരണ; അഭിപ്രായപ്രകടനത്തിനുള്ള അവകാശം സർക്കാർ അംഗീകരിക്കുന്നു- മന്ത്രി സജി ചെറിയാൻ

insight kerala

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതലയിൽനിന്ന് തന്നെ മാറ്റിയതിൽ നീതിനിഷേധമുണ്ടായെന്ന നടൻ പ്രേംകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടുവെന്ന മുഖവുരയോടെയാണ് മന്ത്രിയുടെ വിശദീകരണക്കുറിപ്പ്. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണയുണ്ടായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണ്. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് ഗവൺമെന്റിന്റെയോ നയിക്കുന്ന എൽഡിഎഫിന്റേയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണമെന്ന് യാതൊരു നിർബന്ധവുമില്ല. ജനാധിപത്യപരമായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ, സച്ചിദാനന്ദൻ മാഷിന്റേയും പ്രേംകുമാറിന്റേയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല. അദ്ദേഹം വൈസ് ചെയർമാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവർത്തനങ്ങൾ മികച്ചതും തൃപ്തികരവുമാണ്. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാനായി സ്ഥാനമേറ്റെടുത്തത്. നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിൽ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Article