കോഴിക്കോട് : തിരഞ്ഞെടുപ്പ് സമയത്ത് എൻ എം രാജുവിൻ്റെ പക്കല്‍ നിന്ന് പണം വാങ്ങിയെന്ന് ആൻ്റോ ആൻ്റണി എം പി സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ടു കോടി വാങ്ങിയത് എങ്ങനെയാണെന്ന് ആന്റോ ആൻറണി വ്യക്തമാക്കണം. വലിയ ഗൂഢാലോചന ഈ പണത്തിന്റെ കാര്യത്തിൽ നടന്നിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കോഴിക്കോട് പറഞ്ഞു. അക്കൗണ്ട് വഴിയല്ല പണം വാങ്ങിയതും നൽകിയതുമെങ്കിൽ അത് കള്ളപ്പണം ആണ്. ഈ പണം എങ്ങനെ ഉപയോഗിച്ച് എന്നതടക്കം രേഖപരമായി പറയാനുള്ള ഉത്തരവാദിത്തം ആന്റോ ആൻറണിക്ക് ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം രാജു ഉന്നയിച്ച വെളിപ്പെടുത്തലുകൾ ആൻ്റോ ആൻറണി എംപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിക്ഷേപകരുടെ പണത്തിൽ നിന്നും രണ്ട് കോടി രൂപ ആന്റോ ആന്റണി എംപിക്ക് നൽകിയെന്നും, കഴിഞ്ഞ ഏഴു വർഷമായി ഇത് തിരികെ ചോദിച്ചു പിന്നാലെ നടക്കുകയാണെന്നുമാണ് രാജുവിന്റെ ആരോപണം. എന്നാൽ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് ആന്റോ ആന്റണിയുടെ തീരുമാനം. രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് സഹായമായി നൽകിയ തുകയാണെന്നും, അത് കൃത്യമായി തിരികെ നൽകിയെന്നും എംപി വാദിക്കുന്നു. രാജു ഇപ്പോൾ എൽഡിഎഫുമായി ചേർന്ന് തന്നെ തേജോവധം ചെയ്യുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു
