തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഡിസിപി വിനോദിനാണ് ചുമതല. മ്യൂസിയം പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും. അപകടം നടന്ന ഉടൻ രാജുവിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വൈകി എന്ന ആക്ഷേപം നേരിടുകയാണ്. രാജു മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാൻ രക്തസാമ്പിൾ പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചു. 12 മണിക്കൂറിനു ശേഷമാണ് പരിശോധന നടത്തിയത്. അതുകൊണ്ടുതന്നെ പരിശോധന ഫലം എത്രത്തോളം ആധികാരികമാണ് എന്നത് സംശയം ഉണ്ടാക്കുന്നു. ശാസ്ത്രീയ പരിശോധന ഫലം വരാൻ വൈകും. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് മ്യൂസിയം പോലീസ് നൽകുന്ന വിശദീകരണം. അപകടം നടന്നയുടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാജു ബന്ധു വീട്ടിൽ മാറിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പോലീസ് പറയുന്നത്.
