പഴയങ്ങാടി: തന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട്, ‘കണക്ക് അവതരിപ്പിക്കാൻ മനസില്ല’ എന്ന മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് പഴയങ്ങാടി എരിപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസുകാർക്ക് പോലും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അത്തരമൊരാളുടെ വസതിയിൽ എങ്ങിനെയാണ് സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതെന്ന് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. യുഡിഎഫിനെ വിലക്കെടുത്ത് മറ്റത്തൂർ മോഡൽ കേരളഭരണം അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ പ്രവർത്തനത്തിൽനിന്നു മാറിനിന്ന സമയത്ത് ഏരിയ കമ്മിറ്റിയിൽ പാർട്ടി ഒരു കണക്ക് അവതരിപ്പിച്ചതായി അറിയാമെന്നും അത് കമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ പുസ്തക പ്രകാശനച്ചടങ്ങിൽ ഉന്നയിക്കും. അതിനു മുൻപ് പാർട്ടിയുടെ കയ്യിലുണ്ടെന്നു പറയുന്ന കണക്ക് പുറത്തുവിടുന്നതാണ് ഉചിതം. 10 വർഷം മുൻപ് പിരിച്ച ഫണ്ടിന്റെ കണക്കാണ് ചോദിക്കുന്നതെന്നും ,പാർട്ടി അവതരിപ്പിക്കുമെന്നു പറയുന്ന കണക്ക് തട്ടിക്കൂട്ടാണെന്ന സൂചനയാണു നൽകുന്നതെന്നും പറഞ്ഞ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

