പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദം സിപിഎമ്മിനുള്ളിൽ പുകയുന്നു. ഇന്ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം നിർണ്ണായകം. പയ്യന്നൂര്‍ എം എല്‍ എ. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയേക്കും.
മേൽ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അന്വേഷണ കമ്മിഷൻ തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചതിന് പിന്നിൽ വിഭാഗീയ പ്രവർതനങ്ങൾ എന്ന് സ്ഥാപിക്കാനാണ് പാർട്ടി ശ്രമം. അതിനിടെ പയ്യന്നൂർ എംഎൽഎ ടി എ മധുസൂധനന്റെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ സംഘർഷം ഉണ്ടായി.
അതേസമയം, വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളുകയാണ് സിപിഎം നേതൃത്വം. പാർട്ടിയെ തകർക്കാനാണ് നീക്കമെന്നും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാർ എന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജൻ പ്രതികരിച്ചത്. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടി മുമ്പ് ചർച്ച ചെയ്തതാണെന്നും അടിസ്ഥാനരഹിതമാണെന്ന് കണ്ട് തള്ളിയതാണെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്നാണ് കുഞ്ഞികൃഷ്ണൻ ആവർത്തിക്കുന്നത്.

