ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ചങ്ങനാശേരി അതിരൂപത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷസ്ഥാനം സമുദായങ്ങള്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സീറോ മലബാര്‍ സഭയുടെ സമുദായ ശാക്തീകരണത്തിന്റെ ചങ്ങനാശേരി അതിരൂപതാതല ഉദ്ഘാടന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ക്രൈസ്തവ സഭകളുമായി കൂടിയാലോചിച്ച് ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ട ചങ്ങനാശേരി അതിരൂപത അതുണ്ടായില്ലെങ്കില്‍ അടുത്ത സര്‍ക്കാരില്‍ അധികാരത്തില്‍ എത്തുന്നത് ഏത് മുന്നണി ആയാലും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ കുട്ടനാടിനെ സംബന്ധിച്ച ശുപാര്‍ശകള്‍ പരിഗണിച്ച് അടുത്ത സംസ്ഥാന ബജറ്റില്‍ കുട്ടനാടിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കണം. ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പരിഗണിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന പ്രമേയത്തിലെ അവശ്യം ഇടതു വലതു സര്‍ക്കാരുകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഈ വകുപ്പ് കൈവശം വയ്ക്കുന്നതിലുള്ള സഭയുടെ എതിര്‍പ്പ് വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷസ്ഥാനം സമുദായങ്ങള്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കണമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നുള്ള ആനുകൂല്യങ്ഹള്‍ ജനസംഖ്യാനുപാതികമാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എയ്ഡഡ് സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം. ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കണം. മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും അതിരൂപത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
