മകരവിളക്കിനായി വിപുലമായ ഒരുക്കങ്ങൾ

insight kerala

ഇന്ന് നടക്കുന്ന മകരവിളക്ക് ദർശനത്തിനും മകരസംക്രമ പൂജയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്ക് സുരക്ഷിതമായി മകരവിളക്ക് ദർശിക്കാനും തിരികെ മടങ്ങാനുമുള്ള സൗകര്യങ്ങൾ സജ്ജമാണ്. ആരോഗ്യ വകുപ്പ് സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള അമ്പതോളം ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, നിലയ്ക്കൽ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. മകവിളക്ക് വ്യൂ പോയിന്റുകളിൽ ആംബുലൻസും മെഡിക്കൽ സംഘവും സേവനത്തിനുണ്ടാകും. മകരവിളക്ക് ദർശിച്ച് മടങ്ങുന്നവർക്ക് സുഗമമായ യാത്രക്കായി ആയിരം കെഎസ്ആർടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. കനത്ത പൊലീസ് സുരക്ഷാ വിന്യാസവും ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 6.20ന് തിരുവാഭരണം വഹിച്ചുകൊണ്ടുള്ള സംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. 6.40നാണ് ദീപാരാധന.

Share This Article