പനാജി∙ ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം. 25പേർ മരിച്ചു. മരിച്ചവരിൽ നാല് വിദേശികളുമുണ്ട്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്. നോർത്ത് ഗോവയിലെ അർപോറയിലെ ബാഗ പ്രദേശത്തുള്ള പ്രശസ്തമായ ക്ലബ്ബായ ബിർച്ച് ബൈ റോമിയോ ലെയ്നിൽ ശനിയാഴ്ച രാത്രി അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു, തുടർന്ന് താഴത്തെ നിലയിലെ അടുക്കളയിലേക്ക് പെട്ടെന്ന് തീ പടരുകയായിരുന്നു .
പുലർച്ചെ 12.04 നാണ് പൊലീസ് കൺട്രോൾ റൂമിൽ തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചത് , പൊലീസും അഗ്നിശമന സേനയും ആംബുലൻസുകളും സ്ഥലത്തെത്തി. തീപിടുത്തത്തിൽ 25 പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരില്‍ 3 സ്ത്രീകളും 20 പുരുഷൻമാരുമുണ്ട്. റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. ഗോവ ഡിജിപി അലോക് കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇതുവരെ 23 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും, അതിൽ ഭൂരിഭാഗവും അടുക്കള ഭാഗത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു, മരിച്ചവരില്‍ 14 പേര്‍ ജീവനക്കാരാണ് . മരിച്ചവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടില്ല. കുറഞ്ഞത് രണ്ട് മൃതദേഹങ്ങൾ കൂടി പടിക്കെട്ടിൽ നിന്ന് കണ്ടെത്തി. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പുക നിറഞ്ഞ കെട്ടിടത്തിൽ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മുഴുവന്‍ ആളുകളെയും പുറത്തെടുക്കാനായത് .
അർപോറയിലെ തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി, സംഭവം “അഗാധമായ ദുഃഖകരം” എന്ന് വിശേഷിപ്പിക്കുകയും ദുരിതബാധിത കുടുംബങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. തീപിടുത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ലഭിക്കും. പ്രസിഡന്റ് ദ്രൗപതി മുർമുവും സംഭവത്തില്‍ അനുശോചനം അറിയിച്ചു . ദുഃഖിതരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

