കേരളം ഇനി ഇന്ത്യയുടെ വ്യവസായ ലക്ഷ്യസ്ഥാനം: ‘വിഷൻ 2031’ പദ്ധതി പ്രഖ്യാപിച്ചു; നൈപുണ്യ സർവകലാശാലയും വ്യവസായ ഇടനാഴികളും വരുന്നു

insight kerala

തിരുവനന്തപുരം: രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ ലക്ഷ്യകേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന്റെ ‘വിഷൻ 2031’ രേഖ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ വ്യവസായ മന്ത്രി പി. രാജീവ് 2031-ലേക്കുള്ള സമഗ്രമായ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ, വ്യവസായ ഇടനാഴികൾ, നൂതന ഹബ്ബുകൾ എന്നിവ നടപ്പിൽ വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ വിദ്യാഭ്യാസത്തിന് നൈപുണ്യ സർവകലാശാല

വ്യവസായ ടൗൺഷിപ്പുകൾക്കും പ്രത്യേക നിക്ഷേപ മേഖലകൾക്കും ഊന്നൽ നൽകുന്നതിൻ്റെ ഭാഗമായി ഏകജാലക ക്ലിയറൻസ് ബോർഡ് നിയമം ഭേദഗതി ചെയ്യും. ഭാവിയിലെ വ്യാവസായിക ആവശ്യങ്ങൾക്കനുസരിച്ച് യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) കേരള യൂണിവേഴ്‌സിറ്റി ഫോർ സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് (നൈപുണ്യവികസന-സംരംഭക സർവകലാശാല) സ്ഥാപിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ വളർച്ചാ ഇടനാഴികൾ

  • വിഴിഞ്ഞം ഗ്രോത്ത് കോറിഡോർ: വിഴിഞ്ഞം തുറമുഖ മേഖലയെ ആഗോള സാമ്പത്തിക കേന്ദ്രമാക്കും. ഇവിടെ എട്ട് ക്ലസ്റ്ററുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 1,700 ഏക്കറിൽ വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ത്രികോണം (ഗ്രോത്ത് ട്രയാംഗിൾ) യാഥാർത്ഥ്യമാക്കും.
  • കൊച്ചി ഗ്ലോബൽ സിറ്റി: കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി 358 ഏക്കറിൽ കൊച്ചി ഗ്ലോബൽ സിറ്റി സ്ഥാപിക്കും. ഇതിലൂടെ 1.20 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു.
  • 200 ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകൾ (ജി.സി.സി.കൾ): ഉന്നത സാങ്കേതിക ശേഷിയുള്ള കേന്ദ്രങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റാൻ 200 ജി.സി.സി.കൾ സ്ഥാപിക്കും.
  • ഏറോ-ഡിഫൻസ് ക്ലസ്റ്റർ: തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിനോട് അടുത്ത് ഏറോ-ഡിഫൻസ് ആൻ്റ് ഡ്രോൺ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ സ്ഥാപിക്കും.
  • അരീന മലബാർ: കോഴിക്കോട്-മലപ്പുറം ക്ലസ്റ്ററിൻ്റെ ഭാഗമായി ബയോടെക് ലൈഫ് സയൻസസ്, ഇ.എസ്.ഡി.എം. ക്യാമ്പസുകൾക്ക് പുറമെ കായിക മേഖല, വ്യവസായം, ആരോഗ്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അരീന മലബാർ (കേരള സ്‌പോർട്‌സ് മെട്രോപോളിസ്) സ്ഥാപിക്കും.
  • കണ്ണൂർ-കാസർഗോഡ് ഇടനാഴി: ഫിൻടെക്, ഐ.ടി, റോബോട്ടിക്സ്, കൈത്തറി, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ 2,000 ഏക്കറിലധികം പ്രദേശത്ത് വ്യവസായ ഇടനാഴി.

മെഗാ ഇൻഡസ്ട്രിയൽ സിറ്റിയും റോബോട്ടിക്സ് പാർക്കും

കൊല്ലത്ത് മെഗാ ഭക്ഷ്യ സംസ്കരണ പാർക്കും ആലപ്പുഴയിൽ മാരിടൈം പാർക്കും സ്ഥാപിക്കും. കോട്ടയത്ത് 2,000 ഏക്കറിൽ ചെറുകിട വ്യവസായങ്ങളെ സംയോജിപ്പിച്ചുള്ള മെഗാ ഇൻഡസ്ട്രിയൽ സിറ്റിയും തൃശൂരിൽ റോബോട്ടിക്സ് പാർക്കും പദ്ധതിയുടെ ഭാഗമാണ്. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് 2031-ഓടെ ഗ്രീൻ ഹൈഡ്രജൻ വാലി പ്രോജക്റ്റ് പ്രവർത്തനക്ഷമമാക്കും.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷം നാനോ-മൈക്രോ സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ള മിഷൻ ഒരു ലക്ഷം എം.എസ്.എം.ഇ. സ്‌കെയിലിംഗ് പദ്ധതിയും വ്യവസായ വകുപ്പ് നടപ്പാക്കുന്നുണ്ട്.

Share This Article