ആകെ കുടുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍; ശമ്പളവും ഇല്ല അക്കൗണ്ടിലെ പണവും ബ്ലോക്കായി

insight kerala

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാന്‍ നിരാഹാര സമരവുമായി സര്‍ക്കാര്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 11 മണിമുതല്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ നിരാഹാരം സംഘടിപ്പിക്കുന്നത്.

സമാനതകളില്ലാത്ത ദുരിതത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ എത്തിപ്പെട്ടിരിക്കുന്നത്. സാധാരണ നിലയില്‍ ഒന്ന് മുതല്‍ മൂന്നാം തീയതി വരെ ശമ്പളം കിട്ടിയിരുന്ന നാലര ലക്ഷം ജീവനക്കാരാണ് ഗതികെട്ടിരിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളത്തിന് പുറമേ ഇ.ടി.എസ്.ബി അക്കൗണ്ടിലുണ്ടായിരുന്ന മുന്‍കാല നിക്ഷേപങ്ങള്‍ പോലും നിശ്ചലമായ അവസ്ഥയിലാണ്.

സാധാരണ നിലയില്‍ മാസത്തിന്റെ ആദ്യ പ്രവൃത്തി ദിവസം 1.75 ലക്ഷം ജീവനക്കാര്‍ക്കും രണ്ടാം ദിവസം 2 ലക്ഷം പേര്‍ക്കും മൂന്നാം ദിവസം 1.50 ലക്ഷം ജീവനക്കാര്‍ക്കുമായാണ് ശമ്പള വിതരണം നടക്കാറുള്ളത്. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്ത് ട്രഷറിയില്‍ ശമ്പളത്തിന്റെ നിശ്ചിത ശതമാനമോ, മുഴുവനായോ നിലനിര്‍ത്തുന്നതിനു വേണ്ടി ഇ.ടി.എസ്.ബി (Employees Treasury Savings Bank Account) കൊണ്ട് വന്നു. എന്നാല്‍ ഈ സംവിധാനമാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കുള്ള ഏറ്റവും വലിയ ദുരിതമായിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എല്ലാ ജീവനക്കാര്‍ക്കും ഇ.ടി.എസ്.ബി അക്കൗണ്ട് ഉണ്ട്. ശമ്പളം പാസായാല്‍ ആദ്യം എത്തന്നത് ഇ.ടി.എസ്.ബി അക്കൗണ്ടിലേക്കാണ്്. അവിടെ നിന്നും ജീവനക്കാര്‍ തെരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.

ചില ജീവനക്കാര്‍ 100 ശതമാനം ശമ്പളവും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. മറ്റ് ചിലര്‍ നിശ്ചിത ശതമാനം ഇ.ടി.എസ്.ബിയില്‍ നിക്ഷേപിച്ച് ബാക്കി ബാങ്ക് അക്കൗണ്ടിലും നിക്ഷേപിക്കും. ശമ്പളത്തിന്റെ 20 ശതമാനം വരെ ഇ.ടി.എസ്.ബിയില്‍ നിക്ഷേപിക്കുന്ന ജീവനക്കാരുണ്ട്. ഒരു നിശ്ചിത ശതമാനം പലിശയും ഇതിന് ലഭിക്കും.

എന്നാല്‍ ഇപ്പോള്‍, ഇ.ടി.എസ്.ബിയില്‍ ഫണ്ട് എത്തിയതായും ബാലന്‍സ് തുകയും കാണിക്കുന്നുണ്ട്. എന്നാല്‍, ഈ തുക പിന്‍വലിക്കാനോ ബാങ്കിലേക്ക് മാറ്റാനോ സാധിക്കുന്നില്ല. ഫലത്തില്‍ ഇ.ടി.എസ്.ബിയില്‍ ഉണ്ടായിരുന്ന മുന്‍കാല നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കെ.എം എബ്രഹാമിനും ഒഴികെ ആര്‍ക്കും ശമ്പളം കിട്ടിയില്ല. മറ്റെല്ലാം സംസ്ഥാനങ്ങളും ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോള്‍ കേരളത്തില്‍ മാത്രമാണ് ശമ്പളം മുടങ്ങിയത്. ആകെ നാണം കെട്ട അവസ്ഥയിലാണ് കേരളം. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമാണ് കേരളത്തിലും ഉണ്ടായിട്ടുള്ളത്. ധൂര്‍ത്തും അഴിമതിയും നികുതി പിരിവിലെ കെടുകാര്യസ്ഥതയും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചു.

Share This Article