സ്പെഷ്യൽ റിപ്പോർട്ട്
എം റിജു
ടെഹ്റാന്: വിചിത്രമായ ഭരണക്രമം നില്‍നിലക്കുന്ന ഒരു രാജ്യമാണ് ഇറാന്. ഇവിടെ പ്രസിഡന്റിനല്ല, പരമോന്നത നേതാവിനാണ് യഥാര്‍ത്ഥ അധികാരം.
അതുപോലെ രണ്ട് സൈന്യവുമുണ്ട് ഇറാന്. ആര്‍ട്ടേഷും, ഇറാന് റെവല്യൂഷനറി ഗാര്‍ഡ്സും. ഇറാന്റെ ഔദ്യോഗിക പരമ്പരാഗത സൈന്യമാണ് ആര്ട്ടേഷ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുക, വിദേശ ആക്രമണങ്ങളെ ചെറുക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതല. കരസേന, വ്യോമസേന, നാവികസേന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച സൈന്യമാണ്. ഇറാന്റെ ഇസ്ലാമിക ഭരണകൂടത്തെയും വിപ്ലവ മൂല്യങ്ങളെയും ആഭ്യന്തര-വിദേശ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇവരുടെ ദൗത്യം. അര്ട്ടേഷിനെപ്പോലെ തന്നെ ഇവര്‍ക്കും സ്വന്തമായി കര, വ്യോമ, നാവിക വിഭാഗങ്ങളുണ്ട്. കൂടാതെ വിദേശ രാജ്യങ്ങളില്‍ പ്രത്യേക ദൗത്യങ്ങള്‍ നടത്തുന്ന ‘ഖുദ്സ് ഫോഴ്സും’ ഇവരുടെ കീഴിലാണ്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇസ്രയേല്‍ വധിച്ചതിനുശേഷം ഇറാനില്‍ ഗുരുതര അധികാര പ്രശ്നമുണ്ട്. പകരം വന്ന ഖമീനിയുടെ മകന് മൊജ്തബക്കും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരിക്കയാണ്. ഇപ്പോള്‍ മൊജ്തബയെ ബന്ദിയാക്കി, ഭരണം നിയന്ത്രിക്കുന്നത് ഐസ്ആര്ജി മേധാവി അഹമ്മദ് വാഹിദിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ഫലത്തില്‍ ഇറാനില്‍ ഇപ്പോള്‍ നടക്കുന്നത് പട്ടാള ഭരണമാണ്.
ഭരണ നേതൃത്വത്തില്‍ ഭിന്നത
ഇറാനില്‍ അധികാരപ്പോര് ശക്തമാണെന്നും ഭരണം നിയന്ത്രിക്കുന്നത് ഐആര്ജിസിയാണെന്ന വാദങ്ങള്‍ ശക്തമാണ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാന് ഭരണകൂടം പ്രതിസന്ധിയിലാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇത് ശരിവെക്കുന്ന രീതിയില്‍ ഇറാനിലെ ഭരണസംവിധാനത്തില്‍ വിള്ളലുകള്‍ വീണുവെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.ഇറാനില്‍ ഒരു സൈനിക-സുരക്ഷാ വിഭാഗത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്ന രീതിയില്‍ ഭരണകൂടം പുനഃക്രമീകരിക്കപ്പെട്ടുവെന്നാണ് വിവരം.
രണ്ടാം ഘട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട ഇറാന് നിലപാടില്‍ ഇത് പ്രകടമാണ്. ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ‘പൂര്‍ണ്ണമായും തുറന്നുതന്നെയിരിക്കും’ എന്ന് ഇറാന് വിദേശകാര്യമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്ത അബ്ബാസ് അരാ ഗ്ചി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് തൊട്ടുപിന്നാലെ തന്നെ തിരുത്തപ്പെട്ടു. ചര്‍ച്ചാ സംഘത്തെ ഉടന്‍തന്നെ ടെഹ്റാനിലേക്ക് തിരിച്ചുവിളിച്ചതായും, സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ നിന്ന് അരക്ചിക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ‘യഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പറയാനും, യുദ്ധത്തില്‍ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് വിജയാഘോഷം നടത്താനും ട്രംപിന് മികച്ച അവസരം നല്കി’ എന്ന് ഇറാന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.

ഇതിനു പിന്നാലെ, യുഎസ് നാവികസേനയുടെ ഉപരോധം തുടരുന്നതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്റെ സായുധ സേന പ്രഖ്യാപിക്കുകയായിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് , സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സൈന്യവുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാക്കള്‍ എന്നിവരടങ്ങുന്ന ഒരു സംവിധാനത്തിലേക്ക് ഇറാന് ഭരണം കേന്ദ്രീകരിക്കപ്പെടുകയാണ്. സുരക്ഷാ മേധാവി മുഹമ്മദ് ബാഗര്‍ സോള്‍ഖാദറിന്റെ സഹായത്തോടെ, അടുത്തിടെ ഐആര്‍ജിസി തലവനായി ഉയര്‍ത്തപ്പെട്ട അഹമ്മദ് വാഹിദി ഇതിലെ പ്രധാനിയായി മാറിയിരിക്കുകയാണ്. ഇതിലൂടെ ഭരണനേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ ഭിന്നതയുണ്ടെന്നതിന് പകരം തങ്ങല് പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കാനാണ് ഇറാന് ശ്രമിക്കുന്നത്.
അധികാരം പട്ടാളത്തിലേക്ക്
1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് , ഇന്ന് ഇറാന്റെ ഏറ്റവും ശക്തമായ സ്ഥാപനമായി മാറിയിരിക്കുകയാണ്. ഇന്ന് ഐആര്‍ജിസി സൈനിക ശക്തി മാത്രമല്ല, മറിച്ച് ഇറാന്റെ ഇന്റലിജന്‍സ് ശൃംഖലയായും, സാമ്പത്തിക ശക്തിയായും , പ്രാദേശിക- രാഷ്ട്രീയ ഇടനിലക്കാരനുമായൊക്കെ പ്രവര്‍ത്തിക്കുന്നു. ലബനന്, ഇറാഖ്, സിറിയ, യമന്‍ എന്നിവിടങ്ങളിലെ സഖ്യകക്ഷികളിലൂടെ ഈ സംഘടന വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
ഐആര്‍ജിസിയുടെ ‘ബാസിജ്’ സേന ആഭ്യന്തര നിയന്ത്രണം ഉറപ്പാക്കുമ്പോള്‍, എലൈറ്റ് വിഭാഗമായ ‘ഖുദ്സ് ഫോഴ്സ്’ വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധങ്ങളും സംഘര്‍ഷങ്ങളും ഐആര്‍ജിസിയെ തളര്‍ത്തുന്നതിന് പകരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഇത് ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളോട് കിടപിടിക്കുന്നതോ, അല്ലെങ്കില്‍ പലപ്പോഴും അവയെ നിഷ്പ്രഭമാക്കുന്നതോ ആയ സമാന്തര സാമ്പത്തിക-രാഷ്ട്രീയ ഘടനകള്‍ കെട്ടിപ്പടുക്കാന്‍ അവരെ പ്രാപ്തരാക്കി.
പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ്-ബാഗര്‍ ഗാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചി തുടങ്ങിയ നേതാക്കള്‍ ഭരണകൂടത്തിന്റെ മുഖങ്ങളായി തുടരുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമായി ഇവരുടെ ചുമതലകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

എല്ലാ കണ്ണുകളും അഹമ്മദ് വാഹിദിയിലേക്ക്
ഐആര്‍ജിസി മേധാവി അഹമ്മദ് വാഹിദിയിലേക്കാണ് കാര്യങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുന്നത്. ഇറാന്റെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായി അദ്ദേഹം ഇന്ന് മാറിയിരിക്കുന്നു. റെവല്യൂഷണറി ഗാര്‍ഡ്സിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും ഖുദ്സ് ഫോഴ്സിന്റെ മുന്‍ കമാന്‍ഡറുമായ വാഹിദി, ഭരണകൂടത്തിനുള്ളിലെ തീവ്രനിലപാടുള്ള പക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇറാന് നേതൃത്വത്തിലെ ഏറ്റവും ശക്തനായ നേതാവായാണ് അദ്ദേഹത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. സൈനിക നടപടികള്‍ക്കും അപ്പുറം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളും യുദ്ധതന്ത്രങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായകമായ തന്ത്രപ്രധാന തീരുമാനങ്ങളില്‍ അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ സുരക്ഷാ കൗണ്‍സില്‍ അംഗമായ മുഹമ്മദ് ബാഗര്‍ സോള്‍ഖാദര്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ശൃംഖലയാണ് ഇറാന്റെ നയതന്ത്രത്തിലെ ‘ലക്ഷ്മണരേഖകള്‍’ നിശ്ചയിക്കുന്നത്. മിസൈല്‍ പദ്ധതികള്‍, ആണവശേഷി, പ്രാദേശിക സഖ്യങ്ങള്‍ എന്നിവയിലെ സുപ്രധാന തീരുമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായും ആണവ പരിപാടികളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്ക, യൂറോപ്യന്‍ യൂണിയന്, കാനഡ എന്നിവര്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അദ്ദേഹത്തിന് മേല്‍ ഇപ്പോഴുമുണ്ട്. ഐസ്ആര്ജിയുടെ വളര്‍ന്നുവരുന്ന സ്വാധീനം ഇറാന്റെ സിവില്‍ നേതൃത്വത്തിന്റെ സ്വയംഭരണാധികാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രസിഡന്റ് പെസെഷ്കിയാനും വിദേശകാര്യമന്ത്രി അരക്ചിയും നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും, അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള സാഹചര്യം പരിമിതമാണെന്ന് കാണപ്പെടുന്നു. അരക്ചിയുടെ പ്രസ്താവനകള്‍ ഉടന്‍തന്നെ തിരുത്തപ്പെട്ട ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഭവം ഈ പരിമിതികളെ അടിവരയിടുന്നു. പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി പോലും, സ്വന്തം അധികാരം പ്രയോഗിക്കുന്നതിന് പകരം ഒരു കൂട്ടായ നേതൃത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചില വിദഗ്ധര്‍ കരുതുന്നു. പ്രത്യേകിച്ച്, വാഹിദിയാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ഈ വളര്‍ച്ച ഇറാനെ കൂടുതല്‍ ഏറ്റുമുട്ടലുകളുടെ പാതയിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

