കല്ലമ്പലം: നാവായികുളത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലമ്പലം തട്ടുപാലത്തിന് സമീപം ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്.
അയിരൂർ എംജിഎം സ്കൂളിലെ അധ്യാപകരുമായി കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയ ഷാജിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ്സിലുണ്ടായിരുന്ന പരിക്കേറ്റ മറ്റ് അഞ്ച് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതതടസ്സമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഷാജിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

