എം മാധവദാസ്
കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂറും, പേരാവൂരും ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം ജയിച്ച ജില്ലയാണ് കണ്ണുര്‍. എന്നാല്‍ ഇത്തവണ, തളിപ്പറമ്പും പയ്യന്നൂരും അടക്കമുള്ള പാര്‍ട്ടി കോട്ടകളിലെ കലാപം മുതലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ നേട്ടമുണ്ടാക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്.
കണ്ണൂര്‍, അഴീക്കോട് എന്നീ രണ്ടുമണ്ഡലങ്ങള്കൂടി പിടിച്ചെടുക്കാമെന്നും, യുഡിഎഫ് കരുതുന്നു. ഒപ്പം കൂത്തുപറമ്പിലും കടുത്ത മത്സരമാണ്. എന്നാല്‍ ശൈലജ ടീച്ചറെ ഇറക്കി പേരാവൂരില്‍ കടുത്ത മത്സരമാണ് സിപിഎം നടത്തുന്നത്. ഭൂരിപക്ഷം കുറക്കാമെന്നല്ലാതെ പാര്‍ട്ടികോട്ടകളില്‍ അട്ടിമറി ഉണ്ടാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം, കല്യാശ്ശേരി, തലശ്ശേരി, മട്ടന്നുര്‍, എന്നിവടങ്ങളെല്ലാം ഇക്കുറിയും എല്‍ഡിഎഫ് കോട്ടകളായി തന്നെ തുടരാണ് സാധ്യത.
വിജയസാധ്യതയില്ലെങ്കിലും കണ്ണൂരില്‍ വോട്ടുയര്‍ത്തുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരിക്കിനുശേഷം തങ്ങള്‍ ഉയര്‍ത്ത് എഴുനേല്ക്കുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ധര്‍മ്മടം മണ്ഡലത്തില്‍വരെ പതിനായിരത്തോളം വോട്ടിന് ലീഡ് ചെയ്തത് യുഡിഎഫ് ആയിരുന്നു.
കോട്ടകളിലെ കലാപം
തളിപ്പറമ്പിലും പയ്യന്നൂരിലെയും സിപിഎം കോട്ടകളില്‍ നടന്ന കലാപം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും, സിറ്റിങ്ങ് എംഎല്‍എയുമായ എം വിഗോവിന്ദന് മാസ്റ്റുടെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന് പാര്‍ട്ടിവിട്ടതോടെയാണ് തളിപ്പറമ്പില്‍ പാളയത്തില്‍ പടയുണ്ടായത്. വിമതനായി മത്സരിക്കാനൊരുങ്ങിയ ടി കെ ഗോവിന്ദന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.

മണ്ഡലരൂപീകരണം മുതല്‍ ഇടതുപക്ഷമാണ് ഇവിടെ ജയിച്ചുവന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന് 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ 2016-ല്‍ സിപിഎമ്മിലെ ജെയിംസ് മാത്യു 40,617 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പമാണ്. എന്നാല്‍ തളിപ്പറമ്പ് നഗരസഭ ഭരിക്കുന്നത് യു.ഡി.എഫ് ആണ്. ആന്തൂര്‍ നഗരസഭയിലെ മുഴവന്‍ സീറ്റുകളും ഇടതിനാണ്. എന്നാല്‍ കഴിഞ്ഞ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയമസഭാ സെഗ്മെന്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് 8,000-ല്‍ പരം വോട്ടുകളുടെ ലീഡ് നേടി ഞെട്ടിച്ചിരുന്നു. അതുപോലെ ഒരു ഞെട്ടിക്കലാണ് ഇത്തവണ യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
അതുപോലെ എല്‍ഡിഎഫിന്റെ കോട്ടയായ പയ്യന്നൂരിലും പാര്‍ട്ടി പ്രശ്നങ്ങള്‍ നേരിടുകയാണ്. സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന് സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.വി. ധനരാജ് രക്തസാക്ഷി ഫണ്ടിലും പാര്‍ട്ടി കെട്ടിട നിര്‍മ്മാണ ഫണ്ടിലും ക്രമക്കേട് നടന്നുവെന്ന് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണന് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണനെയും ആരോപണവിധേയനായ ടി.ഐ. മധുസൂദനനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് മധുസൂദനനെ തിരിച്ചെടുക്കുകയും കുഞ്ഞികൃഷ്ണനെ അവഗണിച്ചുവെന്നും ആരോപണമുയര്‍ന്നു. പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടര്‍ന്ന് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.
രൂപീകൃതമായ കാലം മുതല്‍ എപ്പോഴും സിപിഎമ്മിനെ തുണച്ച മണ്ഡലമാണിത്. 1977 മുതല്‍ ഇന്നുവരെ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. 2001 ലും 2006 ലും മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണ് ഇവിടെനിന്ന ജയിച്ചത്. 2011, 2016 വര്‍ഷങ്ങളില്‍ സി കൃഷ്ണന് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016-ല്‍ സി. കൃഷ്ണന് 40,263 വോട്ടുകളുടെ ഭൂരിപക്ഷമാണ്, ഉണ്ടായിരുന്നത്. 2021-ല്‍ ടി.ഐ. മധുസൂദനന് 49,780 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
മണ്ഡല പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളും ഭരണവും
പയ്യന്നൂര്‍ നഗരസഭയും അതിനോട് ചേര്‍ന്നുള്ള പഞ്ചായത്തുകളും എല്‍.ഡി.എഫിന് വലിയ സ്വാധീനമുള്ള മേഖലകളാണ്.
പയ്യന്നൂര്‍ നഗരസഭ എല്‍.ഡി.എഫ് ഭരണമാണ്. രാമന്തളി, കരിവെള്ളൂര്‍-പെരളം, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര തുടങ്ങില പഞ്ചായത്തുകളെല്ലാം നിലവില്‍ എല്‍.ഡി.എഫ് ഭരണത്തിലാണ്. കാസര്‍കോട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂര്‍ നിയമസഭാ സെഗ്മെന്റില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് 13,257 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, എല്‍ഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ കുഞ്ഞികൃഷ്ണന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
കണ്ണൂര്‍ വീണ്ടും വലത്തോട്ടൊ?
കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും നിര്‍ണ്ണായക സ്വാധീനമുണ്ടായിട്ടും, കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലായി എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ് കണ്ണുര്‍. കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനാണ് ഇവിടെ വിജയിച്ചത്. 2021-ല്‍ 1,745 വോട്ടുകളുടെയും 2016-ല്‍ 1,196 വോട്ടുകളുടെയും ഭുരിപക്ഷത്തിനാണ് കടന്നപ്പള്ളി കടന്നുകൂടിയത്. ഇത്തവണ മുതിര്‍ന്ന നേതാവ്, കെ സുധാകരന് സീറ്റിനായി കടുത്ത സമ്മര്‍ദം ഉയര്‍ത്തിയത് കണ്ണൂര്‍ മണ്ഡലത്തെ വീണ്ടും വിവാദവിഷയമാക്കി. എന്നാല്‍ സുധാകരനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ യുഡിഎഫ്. ചരിത്രപരമായി യു.ഡി.എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. എന്‍. രാമകൃഷ്ണന്, പി. ഭാസ്കരന് തുടങ്ങിയ പ്രമുഖര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് ഈ മണ്ഡലത്തില്നിന്് 11,000-ല്‍ അധികം വോട്ടുകളുടെ ലീഡാണ് കിട്ടിയത്. ഏറ്റവും ഒടുവില്‍ നടന്ന 2025 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി. ആകെയുള്ള 56 ഡിവിഷനുകളില്‍ 36 എണ്ണത്തില്‍ യു.ഡി.എഫാണ് വിജയിച്ചത്.

നിലവിലെ എം.എല്‍.എയായ രാമചന്ദ്രന് കടന്നപ്പള്ളി തന്നെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുന്നത്.
കെ. സുധാകരന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് മൂന് മേയര്‍ ടി.ഒ. മോഹനനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ബിജെപിക്കായി സി. രഘുനാഥ് ആണ് മത്സരരംഗത്തുള്ളത്. നിലവിലുള്ള അവസഥവെച്ച് യുഡിഎഫിന് അയ്യായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അഴീക്കോട്ടും പേരാവൂരും കടുത്ത മത്സരം
രൂപീകരണം മുതല്ക്കേ യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പേരവൂര്‍. കോണ്‍ഗ്രസ് നേതാവ് കെ.പി. നൂറുദ്ദീന്‍ 1977 മുതല്‍ 1991 വരെ തുടര്‍ച്ചയായി അഞ്ച് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാല്‍ എല്‍ഡിഎഫിന് ബാലികേറാമലയല്ല ഈ മണ്ഡയം. 1996-ല്‍ കെ.ടി. കുഞ്ഞഹമ്മദിലൂടെയും 2006-ല്‍ ശൈലജ ടീച്ചറിലൂടെയും, എല്‍.ഡി.എഫ് ഈ മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട്. 2011 മുതല്‍ അഡ്വ. സണ്ണി ജോസഫിലൂടെ മണ്ഡലം വീണ്ടും യു.ഡി.എഫ് തിരിച്ചുപിടിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. 2011-ല്‍ പേരാവൂരില്‍ ശൈലജ ടീച്ചറെയാണ് സണ്ണി ജോസഫ് 3,440 വോട്ടിന് തോല്‍പ്പിച്ചത് . 2021ലും സണ്ണി മണ്ഡലം നിലനിര്‍ത്തി.

പക്ഷേ കഴിഞ്ഞ തവണ 3,172 വോട്ടുകള്‍ മാത്രമാണ് സണ്ണിയുടെ ഭൂരിപക്ഷം. അത് കണ്ടറിഞ്ഞുകൊണ്ടാണ്, മണ്ഡലത്തിലെ മൂന് എംഎല്‍എ കൂടിയായ, സിപിഎമ്മില്‍ ഏറ്റവും നല്ല ഇമേജുള്ള കെ കെ ശൈലജയെ രംഗത്തിറക്കിയത്. ഇതോടെ മണ്ഡലത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് 23,481 വോട്ടുകളുടെ വലിയ ലീഡ് ലഭിച്ചിരുന്നു. 2025 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മികച്ച വിജയം നേടി. മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണത്തിലും (ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍) യു.ഡി.എഫ് ഭരണം നേടി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ യു.ഡി.എഫിന് ഏകദേശം 12,000 വോട്ടുകളുടെ ലീഡുണ്ട്.
അതുപോലെ കയ്യാലപ്പുറത്തുള്ള മണ്ഡലമാണ്, അഴീക്കോടും.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷ് 6,141 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പത്തുവര്‍ഷം യു.ഡി.എഫ് കൈവശം വച്ചിരുന്ന മണ്ഡലമാണ് അദ്ദേഹം തിരിച്ചുപിടിച്ചത്. ചരിത്രപരമായി ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള മണ്ഡലം, 2011-ല്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തത്. തുടര്‍ന്ന് 2016-ല്‍ എം.വി. നികേഷ് കുമാറിനെതിരെ 2,287 വോട്ടുകള്‍ക്ക് വിജയിച്ച് ഷാജി സീറ്റ് നിലനിര്‍ത്തി. ഇതാണ് സുമേഷ് തിരിച്ചുപിടിച്ചത്.
ലോക്സഭാ മണ്ഡലത്തില്‍, അഴീക്കോട് മണ്ഡലത്തില്‍ മാത്രം യു.ഡി.എഫിന് 16,634 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ യു.ഡി.എഫിന് ഏകദേശം 9,500-ല്‍ അധികം വോട്ടുകളുടെ ലീഡുണ്ട്.മണ്ഡലത്തിലെ അഴീക്കോട്, ചിറക്കല്‍, പള്ളിക്കുന്ന് (കണ്ണൂര്‍ കോര്പ്പറേഷന് പള്ളിക്കുന്ന് സോണ്‍), വളപട്ടണം എന്നീ പ്രദേശങ്ങളില്‍ യു.ഡി.എഫിന് വലിയ സ്വാധീനമുണ്ട്.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ കോര്പ്പറേഷന് ഡിവിഷനുകളില്‍ ഭൂരിഭാഗവും യു.ഡി.എഫ് ആണ് നേടിയത്. നിലവില്‍ കണ്ണൂര്‍ കോര്പ്പറേഷന് ഭരിക്കുന്നത് യു.ഡി.എഫ് ആണ്. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പക്ഷേ കെ വി സുമേഷ് എംഎല്‍എയുടെ ഇമേജ് വോട്ടാവുമെന്നും തങ്ങള്‍ ജയിക്കുമെന്നുമാണ് എല്‍ഡിഎഫ് പറയുന്നത്. നിലവിലുള്ള സ്ഥിതിവെച്ച് ഇവിടം പ്രവചനാതീതമാണ്.
കൂത്തുപറമ്പ് ചാഞ്ചാടുമോ?
57-ല്‍ മുതല്ക്കേ സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലമാണിത്. എങ്കിലും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇവിടെ ശക്തമായ വേരോട്ടമുണ്ട്.
പിണറായി വിജയന് 1970, 1977, 1991 വര്‍ഷങ്ങളില്‍ കൂത്തുപറമ്പില്‍ നിന്നാണ് നിയമസഭയിലെത്തിയത്. മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ 2016-ല്‍ ഇവിടെ നിന്ന് വലിയ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
നിലവില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷിയായ ആര്.ജെ.ഡി ആണ് ഈ സീറ്റില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്.ജെ.ഡിയിലെ കെ.പി. മോഹനന് 9,541 വോട്ടുകള്‍ക്കാണ് ജയിച്ചത്.
എന്നാല്‍, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, കൂത്തുപറമ്പ് അസംബ്ലി സെഗ്മെന്റില്‍ 12,987 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫിനാണ് ആണ് നേരിയ മുന്‍തൂക്കം നിലനിര്‍ത്തിയത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യു.ഡി.എഫ് വോട്ട് വിഹിതത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കി.കൂത്തുപറമ്പ് നഗരസഭ എല്‍.ഡി.എഫ് ആണ് ഭരിക്കുന്നത്.പാട്യം, കോട്ടയം തുടങ്ങിയ പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് കോട്ടകളായി തുടരുന്നു. എന്നാല്‍ മാങ്ങാട്ടിടം പോലുള്ള പഞ്ചായത്തുകളില്‍ യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണവും നിലവില്‍ എല്‍.ഡി.എഫിന്റെ കൈവശമാണ്.
ഇത്തവണ കെ.പി. മോഹനന്റെ സഹോദര പുത്രനും ആര്.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. പ്രവീണ്‍ ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജന് ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. കടുത്ത മത്സരമാണെങ്കിലും, അയ്യായിരത്തില്‍ കുറയാത്ത വോട്ടിന് ഇവിടെ ജയിച്ചുകയറാമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.

