മലപ്പുറം: സിപിഎം-എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചോദ്യങ്ങളിൽ അക്ഷമനായ മുഖ്യമന്ത്രി അക്കാര്യം എസ്ഡിപിഐക്കാരോട് പോയി ചോദിക്കാൻ പറയുകയായിരുന്നു. മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രത്യേക അജണ്ടയുമായി വന്നതാണെങ്കിൽ അത് മാറ്റി വച്ചാൽ മതി. എസ്ഡിപിഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്. അത് എസ്ഡിപിഐക്കാരോട് ചോദിക്കണം, മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾ എല്ലാത്തരം വർഗീയതകളെയും ഒരുപോലെ എതിർക്കുന്നുവെന്നും ഒരു വർഗീയ ശക്തിയുമായും സിപിഎമ്മിന് ബന്ധമില്ലെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
എന്നാൽ എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് വെക്കുമോ എന്ന കൃത്യമായ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല. യുഡിഎഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും തനിക്കെതിരെയുള്ള ചോദ്യങ്ങൾ മാധ്യമങ്ങളുടെ പ്രത്യേക അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളെ പിൻവലിച്ചതും എൽഡിഎഫ് സ്ഥാനാർഥികൾ അവരുടെ വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞതും സംബന്ധിച്ച ചോദ്യങ്ങൾ അദ്ദേഹത്തെ കൂടുതൽ ചൊടിപ്പിച്ചു. ‘ഇയാൾക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്ന് ഒരു മാധ്യമപ്രവർത്തനോട് അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് ഒരു വർഗീയ ശക്തിയോടും ബന്ധമില്ലെന്നും എല്ലാ വർഗീയതകളെയും ഒരേപോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും രണ്ടിനോടും ഒരേ സമീപനമാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. വർഗീയ സംഘടനകളോട് എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.വർഗീയ സംഘടനകളുമായി സഖ്യമുണ്ടാക്കുന്നതും പിന്തുണ സ്വീകരിക്കുന്നതും യുഡിഎഫ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുഡിഎഫിനെ നല്ലതാക്കി കാണിക്കാനും പഴി എൽഡിഎഫിന് മേൽ ചാർത്താനുമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനം ഒരു സംവാദത്തിനുള്ള വേദിയായി മാറ്റരുതെന്നും മറ്റ് അജണ്ടകൾ ഇവിടെ നടപ്പാക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് രോഷാകുലനായി. തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും വാർത്താസമ്മേളനം അലങ്കോലമാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

