ഡീലിൽ കൊമ്പ് കോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ആർഎസ്എസ് ബന്ധം പരസ്പരം ആരോപിച്ച് സാമൂഹ്യ മാധ്യമത്തിൽ പോര്

insight kerala

ഡീല്‍ ആരോപണത്തില്‍ പോര് തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീലിന്റെ ഭാഗമായിരുന്നു എന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ ചോദിച്ചു. പിണറായി ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്‍റെന്ന് തിരിച്ചടിച്ച് വിഡി സതീശന്‍ രംഗത്തു വന്നു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും ഇരു മുന്നണികളുടെയും പ്രധാന പ്രചാരണ വിഷയം ഡീൽ തന്നെയാകുമെന്ന് ഉറപ്പ്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഡീൽ വിവാദത്തിന് തിരികൊളുത്തിയത് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ആയിരുന്നു. പാലക്കാട് മണ്ഡലത്തിൽ സി പി എം ബി ജെ പി ഡീൽ ആരോപിച്ച പ്രതിപക്ഷം തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ മണ്ഡലങ്ങളിൽ ഈ ആരോപണം ഉന്നയിച്ചു. 2006 ൽ പറവൂരിൽ ആർ എസ് എസ് നടത്തിയ ഗോൾവാൾക്കർ ജൻമ ശതാബ്ദി ആഘോഷ ചടങ്ങിൽ വിഡി സതീശൻ പങ്കെടുത്തത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിപ്പിട്ടതോടെ ഡീൽ വിവാദം കൊഴുത്തു. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ കടുത്ത ഭാഷയിൽ പ്രതിപക്ഷ നേതാവും ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണ് പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും വിഡി സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 1977 ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ്, അല്ലാതെ വിഡി സതീശനല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്. സംഘപരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിഡി സതീശന്‍ വ്യക്തമാക്കി. ഡീൽ ആരോപണം ഇരു വിഭാഗവും ശക്തമായി ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പ്രചാരണ രംഗത്ത് ഡീൽ പ്രധാന ചർച്ചാ വിഷയമാകും.

Share This Article