തിരുവനന്തപുരം സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ ആശയക്കുഴപ്പം; കോവളത്തും പ്രതിസന്ധി

AnilKumar BalaKrishnan

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി സജീവമായിട്ടും തിരുവനന്തപുരം സീറ്റിനെ ചൊല്ലി മുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു. തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ ആന്റണി രാജുവിനെ ഇനിയും സ്ഥാനാർഥിയാക്കാൻ ആകില്ലെന്ന് വ്യക്തമായതോടെയാണ് മുന്നണിയിൽ പ്രതിസന്ധി ഉടലെടുത്തത്. പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാൻ ആണ് സിപിഎമ്മിന്റെ ആലോചന. 

സീറ്റ് സിപിഎം ഏറ്റെടുക്കുന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം ഇല്ല. പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാമെന്ന് നിർദ്ദേശം സിപിഎം ആന്റണി രാജുവിന് മുൻപിൽ വച്ചിട്ടുണ്ടെങ്കിലും  മറുപടി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളും സിപിഎം നേതാക്കളും തമ്മിൽ ഇന്ന് ആശയവിനിമയം നടത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും  പി ബി അംഗം എ വിജയരാഘവനുമാകും സിപിഎമ്മിൽ നിന്നും ചർച്ച നടത്തുക. 

ജനാധിപത്യ കേരള കോൺഗ്രസ് അംഗീകരിച്ചാൽ പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കും. എന്നാൽ സ്വതന്ത്രനായി നിർത്താൻ ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഇതുവരെയും സിപിഎമ്മിനും ആയിട്ടില്ല. ഐഎസ്‌ജെഡി – ആര്‍ജെഡി തർക്കമുള്ള കോവളം സീറ്റിലും ആശയക്കുഴപ്പം തുടരുകയാണ്. പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ ഇന്ന് ധാരണയായേക്കും എന്നാണ് വിവരം. ഐഎസ്‌ജെഡിക്കും ആര്‍ജെഡിക്കും പൊതുസമ്മതനായ സ്ഥാനാർഥി വന്നേക്കും. നേരത്തെ ആലോചിച്ചിരുന്ന ഭഗത് റൂഫസിന്റെ പേര് ഇപ്പോഴും സജീവ പരിഗണനയിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article