ദുബായ് : ഫെബ്രുവരി 28 ശനിയാഴ്ച ഇറാൻ പ്രത്യാക്രമണങ്ങൾ തുടങ്ങിയ ശേഷം, മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചതായും 58 പേർക്ക് പരിക്കേറ്റതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ രണ്ടാം ദിവസം യുഎഇ വ്യോമസേനയും വ്യോമ പ്രതിരോധ സേനയും 20 ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചതായും എട്ട് മിസൈലുകൾ കടലിലേക്ക് പതിച്ചതായും മന്ത്രാലയം അറിയിച്ചു.
രണ്ട് ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും തകർത്തെങ്കിലും 21 ഡ്രോണുകൾ സിവിലിയൻ ലക്ഷ്യങ്ങളിൽ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാനിൽ നിന്ന് രാജ്യത്തേക്ക് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകൾ യു.എ.ഇയുടെ വ്യോമമേഖലയിൽ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
ഇതിൽ 152 എണ്ണം വെടിവെച്ചുവീഴ്ത്തുകയും 13 എണ്ണം കടലിൽ പതിക്കുകയും ചെയ്തു. 2 ക്രൂയിസ് മിസൈലുകൾ കണ്ടെത്തി നശിപ്പിച്ചു. 541 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തിയതിൽ 506 ഡ്രോണുകളും നശിപ്പിക്കാൻ കഴിഞ്ഞെങ്കിലും 35 എണ്ണം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പതിക്കുകയും നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
അപകടത്തിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. യു.എ.ഇ,ഈജിപ്ത്, എത്യോപ്യ, ഫിലിപ്പൈൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 58 പേർക്കാണ് നിസ്സാര പരിക്കുകൾ റിപ്പോർട്ട് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.

