കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന് വധഭീഷണി. വി.എസ്.അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. സംഭവത്തിൽ കണ്ണപുരം പോലീസ് അന്വേഷണമാരംഭിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാറായിരുന്നു.
പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനും സോഷ്യൽ മീഡിയയിലൂടെ സിപിഎം നേതൃത്വത്തെ വിമർശിക്കുന്നതിനുമുള്ള ഭീഷണിയായാണ് റീത്ത് വെച്ചതെന്നാണ് സൂചന. രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി കൊണ്ടുപോകാൻ വാതിൽ തുറന്നപ്പോഴാണ് വീടിന്റെ ഗേറ്റിന് സമീപം റീത്ത് കണ്ടത്.
നിലവിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ ചിന്തകനും പ്രൊഫസറുമായ എം.എൻ. വിജയന്റെ മകനാണ് അനിൽകുമാർ.

