special report
‘കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന് ഇളംമാസം അരച്ചുചേര്‍ക്കുന്നു’! മക്‌ഡോനാള്‍ഡ്‌സ് ഭക്ഷണങ്ങളെചൊല്ലി കേരളത്തില്‍ ഭീതിവ്യാപാരം
എം മാധവദാസ്
1940കളില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ റിച്ചാര്‍ഡ്, മൗറിസ് മക്ഡോണാള്‍ഡ് എന്ന സഹോദരങ്ങള്‍ തുടങ്ങിയ ഒരു ചെറിയ ഹാംബര്‍ഗര്‍ സ്റ്റാള്‍, ഇന്ന് മക്‌ഡോണാള്‍ഡ്‌സ് എന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ നിര്‍മ്മാണ വിതരണ ശൃംഖലയായി മാറിയിരിക്കയാണ്. 100-ലധികം രാജ്യങ്ങളിലായി 40,000-ത്തോളം റസ്റ്റോറന്റുകള്‍ ഇവര്‍ക്കുണ്ട്. മക്‌ഡോണാള്‍ഡ്‌സ് കോര്‍പ്പറേറ്റ്‌സ് എന്ന പേരില്‍ റിയല്‍ എസ്‌റ്റേറ്റ്‌മേഖലയിലുമെല്ലാം അവര്‍ ശതകോടികളുടെ ബിസിനസാണ് നടത്തുന്നത്.
പക്ഷേ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വ്യാജപ്രചാരണം അരങ്ങുതകര്‍ക്കയാണ്. മക്‌ഡോനാള്‍ഡ്‌സിന്റെ ഭക്ഷ്യവസ്തുക്കളില്‍, രുചികൂട്ടാനായി മനുഷ്യമാസം ചേര്‍ക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. അമേരിക്കയിലടക്കം കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതിന് ഇതിനാണെന്നും, പിഞ്ചുകുട്ടികളുടെ ഇളം മാംസമാണ്, മക്‌ഡോണാള്‍ഡിന്റെ ഭക്ഷ്യവസ്തുക്കളില്‍ ഉള്ളത് എന്നുമാണ് പ്രചാരണം. ഇത് വാട്‌സാപ്പിലും ഫേസ്ബുക്കിലുമായി കാട്ടുതീ കണക്കെ പ്രചരിക്കയാണ്.
എന്താണ് യാഥാര്‍ത്ഥ്യം!
മക്ഡോനാള്‍ഡ്‌സിന്റെ ഭക്ഷണത്തില്‍ പിഞ്ചുകുട്ടികളുടെ മാംസം ചേര്‍ക്കുന്നു എന്ന പ്രചാരണം തീര്‍ത്തും വ്യാജവമാണെന്ന്, ലോകത്തിലെ പ്രമുഖ ഫാക്റ്റ് ചെക്ക് പോര്‍ട്ടലുകള്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ‘അര്‍ബന്‍ ലെജന്റ്’ അഥവാ നഗരകഥകളുടെ ഭാഗമാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘വിടല്‍സ്’ എന്ന് ചുരുക്കം. അമേരിക്കയിലും യൂറോപ്പിലുമുള്ള ട്രോള്‍ വെബ്‌സൈറ്റുകളില്‍ വന്ന വാര്‍ത്തയാണ്, ശരിയാണെന്ന് കരുതി കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. അല്‍പ്പം പഴയ വാര്‍ത്തകൂടിയാണിത്. 2014-ല്‍ ഹുസ്‌ലേഴ്‌സ് എന്ന വിദേശ വിനോദ വെബ്സൈറ്റില്‍ വന്ന ഒരു പരിഹാസ വാര്‍ത്തയെ യഥാര്‍ത്ഥ വാര്‍ത്തയായി തെറ്റിദ്ധരിച്ചാണ് ഇത്തരം പ്രചാരണങ്ങള്‍ ആരംഭിച്ചത്.
അമേരിക്കയില്‍ കുട്ടികളെ കാണാതാകുന്നതും മക്ഡൊണാള്‍ഡ്‌സിനും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിന് യാതൊരുവിധ ഔദ്യോഗിക തെളിവുകളോ ശാസ്ത്രീയ അടിസ്ഥാനമോ ഇല്ല. ഇത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഗൂഢാലോചന സിദ്ധാന്തം മാത്രമാണ്. ദ ക്വിന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ ഫാക്ട്-ചെക്കിംഗ് ഏജന്‍സികള്‍ ഈ വാദം തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ ചില തീവ്ര ഗൂഢാലോചന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും ശക്തമാണ്. വലിയ കോര്‍പ്പറേറ്റുകള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും ഇത്തരം ഭയപ്പെടുത്തുന്ന കഥകള്‍ പ്രചരിപ്പിക്കാറുണ്ട്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട പല കഥകളിലും അവര്‍ മക്ഡൊണാള്‍ഡിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കാറുണ്ട് എന്നതാണ് ദ ക്വിന്റ് പറയുന്നത്.
മാത്രമല്ല അമേരിക്കയിലെ കുട്ടിളെ കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്നത് എഫ്ബിഐ പോലുള്ള ഉന്നത ഏജന്‍സികളാണ്. ഒരു ലോകോത്തര ബ്രാന്‍ഡിന്റെ ഭക്ഷണത്തില്‍ ഇത്തരം ക്രൂരത നടക്കുന്നുണ്ടെങ്കില്‍ അത് ആധുനിക കാലത്തെ ഫോറന്‍സിക് പരിശോധനകളിലൂടെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതുവരെ അത്തരമൊരു കണ്ടെത്തല്‍ ലോകത്തെവിടെയും ഉണ്ടായിട്ടില്ല.
അടുത്തിടെ (ഫെബ്രുവരി 2026) ജയ്പൂരിലെ ഒരു മക്ഡോനാള്‍ഡ് ഔട്ട്ലെറ്റില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, പലതവണ ഉപയോഗിച്ച് മോശമായ എണ്ണയും അഴുകിയ തക്കാളിയും കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയാണ് അതിശയോക്തി കലര്‍ത്തി ‘മാംസം മായം ചേര്‍ക്കുന്നു’ എന്ന രീതിയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയില്‍ മക്ഡോനാള്‍ഡിന്റെ ചില വിഭവങ്ങളില്‍ യഥാര്‍ത്ഥ ചീസിനു പകരം ‘ചീസ് അനലോഗ്’ (സസ്യ എണ്ണ ഉപയോഗിച്ചുള്ള മിശ്രിതം) ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് എഫ്.ഡി.എ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചില വിഭവങ്ങളുടെ പേരുകളില്‍ നിന്ന് ‘ചീസ്’ എന്ന വാക്ക് നീക്കം ചെയ്യാന്‍ കമ്പനി നിര്‍ബന്ധിതരായി. ഇത് ഏത് കമ്പനിക്കും വരുന്ന സ്വാഭാവികമായ പ്രശ്‌നങ്ങളാണ്. പക്ഷേ അതെല്ലാം ചേര്‍ത്ത് നരമാസഭോജനമാക്കി ഭീതി പരത്തുകയാണ്.
ഇതും ഒരു ഹലാല്‍ ഭക്ഷണം!
മക്ഡോനാള്‍ഡ്‌സിന്റെ ഓരോ ഭക്ഷണ സാധനവും ഉപഭോക്താവില്‍ എത്തുന്നതിന് മുമ്പ് നിരവധി ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നണ്ട്. ഉദാഹരണത്തിന്, ചിക്കന്‍ വിഭവങ്ങള്‍ക്ക് 64-ലധികം പരിശോധനകളും, ഫ്രഞ്ച് ഫ്രൈസിന് 120-ലധികം പരിശോധനകളും നടത്താറുണ്ട്. കൃഷിയിടങ്ങളില്‍ നിന്ന് റെസ്റ്റോറന്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് താപനില നിയന്ത്രിക്കാവുന്ന അത്യാധുനിക റെഫ്രിജറേറ്റഡ് ട്രക്കുകളിലാണ്. ഇത് പച്ചക്കറികളുടെയും മാംസത്തിന്റെയും പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇന്ത്യയിലെ സാംസ്‌കാരിക പ്രത്യേകതകള്‍ പരിഗണിച്ച്, സസ്യഭക്ഷണങ്ങളും മാംസാഹാരങ്ങളും പാകം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും തികച്ചും വ്യത്യസ്തമായ അടുക്കള സംവിധാനങ്ങളാണ് മക്ഡോനാള്‍ഡ്‌സ് ഉപയോഗിക്കുന്നത് എന്നാണ് അവര്‍ അവകാശപ്പെടുന്നത്.
സുരക്ഷ സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അവര്‍ പാലിക്കാറുണ്ട്.ഭക്ഷണത്തിന്റെ ഓരോ ചേരുവയും അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമാണ് ഉപയോഗിക്കുന്നത്.ജീവനക്കാര്‍ ഓരോ മണിക്കൂറിലും ആന്റി-മൈക്രോബിയല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണമെന്നും, ആധുനികമായ വാട്ടര്‍ ഫില്‍ട്ടറേഷന്‍ സംവിധാനങ്ങള്‍ വഴി ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്പനി നിഷ്‌കര്‍ഷിക്കുന്നു.
ഇന്ത്യയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോരിറ്റി ഓഫ് ഇന്ത്യപോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിലെ മക്ഡോനാള്‍ഡ് റെസ്റ്റോറന്റുകള്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ആണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകളിലാണ് മക്‌ഡോണാള്‍ഡ്‌സിനെതിരെ ഏറ്റവും കൂടുതല്‍ പ്രചാരണം നടക്കുന്നത്.
ഇന്ത്യയിലെ മക്ഡോനാള്‍ഡ്‌സ് ഔട്ട്ലെറ്റുകളില്‍ ബീഫ് , പോര്‍ക്ക് എന്നിവ ഉപയോഗിക്കുന്നില്ല. പകരം ചിക്കന്‍, മീന്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലെ മക്ഡോനാള്‍ഡില്‍ ബീഫ് ലഭ്യമാണ്. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാര്‍ അബദ്ധത്തില്‍ ഇത് കഴിക്കുന്ന വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ മക്ഡോനാള്‍ഡ് ഔട്ട്ലെറ്റുകളില്‍ ബീഫോ പോര്‍ക്കോ ഉപയോഗിക്കുന്നില്ല എന്ന് കമ്പനി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

