തിരുവനന്തപുരം: 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കും. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരേയും മാരാമൺ കൺവൻഷനേയും ഒഴിവാക്കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും.
സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ, നിർമാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും.
ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിങ് തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, കണ്ടെയ്‌നർ ഫ്രെയിറ്റ് സ്റ്റേഷനുകൾ, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ, ന്യൂജനറേഷൻ ബാങ്കുകൾ, നോൺ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പണിമുടക്കുന്ന സാഹചര്യത്തിൽ സർവീസ് മുടങ്ങാനാണ് സാധ്യത. പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല.

