സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. സഭാ കവാടത്തിൽ പ്രതിപക്ഷ MLAമാർ സത്യഗ്രഹ സമരം തുടരുമെന്നും എന്നാൽ സഭാനടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. തുടർന്ന് ചോദ്യോത്തര വേളയിൽ പ്രതിപക്ഷം സഹകരിച്ചു. എന്നാൽ ശൂന്യവേളയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത് പാർട്ടി പ്രതികൾക്ക് യഥേഷ്ടം പരോൾ അനുവദിക്കുന്ന വിഷയമായിരുന്നു. കെ കെ രമയാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.
സർക്കാരിന് താല്പര്യമില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യില്ലെന്ന നിലപാട് അംഗീകരിക്കാൻ ആകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസ് ചുറ്റും പ്രതിഷേധിച്ചു. സ്വർണ്ണ കള്ളന്മാർ എന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചപ്പോൾ ഗർഭചിദ്ര വീരന്മാർ പുറത്തേക്ക് പോകു എന്ന് ഭരണപക്ഷ നിരയിൽ നിന്ന് കെ.ടി ജലീൽ വിളിച്ചു പറഞ്ഞു
പ്രതിപക്ഷ ബഹളത്തിനിടയിലും സഭ നടപടികൾ തുടർന്നു. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് ഇറങ്ങി. നിയമം കാറ്റിൽ പറത്തിയാണ് കൊടും ക്രിമിനലുകൾക്ക് പരോൾ അനുവദിക്കുന്നതെന്നും ഇതിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെ കെ രമയുടെ നോട്ടീസിന് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
എന്നാൽ ബജറ്റിന്മേലുള്ള ചർച്ചയിൽ കേന്ദ്ര ബജറ്റിനെതിരെ വിമർശനമുന്നയിക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ലെന്നും അതുകൊണ്ടാണ് സഭ ബഹിഷ്കരിച്ചതെന്നും മന്ത്രി എം ബി രാജേഷ് ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബജറ്റിൻ മേലുള്ള ചർച്ച സഭയിൽ നടക്കുന്നത്.

