” ആമ കാരണം സോഷ്യൽ മീഡിയ തുറക്കാൻ പറ്റുന്നില്ല, ഇങ്ങനെ വെട്ടിലാക്കരുതായിരുന്നു” – കേന്ദ്ര ബജറ്റ്, സംസ്ഥാന ബിജെപിയിലും പ്രതിഷേധം

insight kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സീറ്റ് മോഹങ്ങൾക്ക് മേൽ കേന്ദ്ര ബജറ്റ് കരിനിഴൽ വീഴ്ത്തുമെന്ന് ബിജെപിക്കുള്ളിൽ വിമർശനം. എന്ത് വാഗ്ദാനം മുന്നോട്ട് വെച്ചാണ് തങ്ങൾ ജനങ്ങളെ സമീപിക്കേണ്ടത് എന്നതും കേന്ദ്രനേതൃത്വം തന്നെ വറ്റക്തമാക്കട്ടെ എന്ന നിലപാടിലാണ് ബിജെപി കേരള ഘടകം. തങ്ങളെ വെട്ടിലാക്കി എന്ന് മാത്രമല്ല, ഇടം വലം തിരിയാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കേന്ദ്ര ബജറ്റ് തള്ളിവിട്ടതെന്ന് സംസ്ഥാന നേതാക്കൾ തന്നെ തുറന്നടിക്കുന്നു. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന ബിജെപി ഇത്തവണത്തെ ബജറ്റ് കാരണം നിലം തൊടില്ലെന്നും നേതാക്കൾ വിമർശിക്കുന്നു.
ബിജെപിയുടെ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് പരിഹസിക്കാനുള്ള” കണ്ടന്റ്” ആയി മാറിയെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. എയിംസ്, തിരുവനന്തപുരത്തെ ബ്ലൂ വികസന ബ്ലൂപ്രിന്റ്, അതിവേഗ റെയിൽ എന്നിവയിൽ നയപരമായ നിർദ്ദേശം പോലും ഉണ്ടായില്ല. അതിനിടയിൽ ചില നേതാക്കളും കേന്ദ്ര മന്ത്രിമാരും നടത്തുന്ന വാലും തലയുമില്ലാത്ത പ്രതികരണം കാരണം നാട്ടുകാരുടെ മുഖത്ത് പോലും നോക്കാൻ കഴിയാത്ത സാഹചര്യമാണെന്നും നേതാക്കൾ പറയുന്നു.
“ആമ കാരണം സോഷ്യൽ മീഡിയകൾ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതിനിടയിലാണ് ചില നേതാക്കളുടെ നിലവാരമില്ലാത്ത പ്രതികരണം”- ഒരു മുതിർന്ന നേതാവ് പ്രതികരിച്ചതിങ്ങനെ.
ഇത്തവണ മഞ്ചേശ്വരം, തൃശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. ഇതിനുപുറമെ കാസർകോട്, നേമം, കായംകുളം എന്നിവയും ബി ജെ പിയുടെ “എ” ക്ലാസ് പട്ടികയിലുണ്ട്. എന്നാൽ പുതിയ ബജറ്റിൽ കേരളത്തോട് കാട്ടിയ മുഖം തിരിക്കൽ തിരിച്ചടിയാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്ക് മുന്നിൽ മുഖം രക്ഷിക്കാനുള്ള മറുപടി പോലും പറയാനാകാതെ വിയർക്കുകയാണ് നേതാക്കൾ.
വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ സംസ്ഥാന ബിജെപി നേതൃത്വം നോക്കിക്കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും സാമാന്യേന കേരളത്തിന് അർഹമായ പരിഗണന കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന – ജില്ലാ തലങ്ങളിൽ ബിഗ് സ്ക്രീൻ വെച്ച് തൽസമയ പ്രദർശനം നടത്തിയതും. എന്നാൽ ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ആകെ പരിഹാസ്യരായെന്നും വലിയ വിഭാഗം നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഒരേസമയം ഇടതു-വലതു മുന്നണികളെ പ്രതിരോധിക്കണമെങ്കിൽ അതിനനുസൃതമായ പ്രഖ്യാപനങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് കഴിഞ്ഞ നവംബർ മാസത്തിൽ തന്നെ സംസ്ഥാന നേതാക്കൾ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ആവശ്യമായ ചില പദ്ധതികളുടെ രൂപരേഖകൾ സമർപ്പിച്ചതായും വിവരമുണ്ട്. എന്നാൽ ഇതൊന്നും കേന്ദ്ര ബജറ്റിൽ പരിഗണിച്ചതേയില്ല. സീറ്റ് പിടിക്കണമെന്ന് ആവർത്തിച്ചതു കൊണ്ടു മാത്രം കാര്യമില്ലെന്നും അതിനു വേണ്ട ഇടപെടലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും നേതാക്കൾ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലെ തിരുവനന്തപുരത്തെ പ്രഖ്യാപനങ്ങൾ തിരിഞ്ഞു കൊത്തുന്നതിനിടെയാണ് കേന്ദ്ര ബജറ്റും ബിജെപിക്ക് അശിനിപാതമായത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ആകെ ഉരുണ്ടുകളിക്കേണ്ട അവസ്ഥയിലാണ് നേതാക്കൾ. കേന്ദ്രമന്ത്രിയടക്കം ചില നേതാക്കളുടെ പ്രതികരണം ബിജെപിയെ ട്രോൾ മെറ്റീരിയലാക്കി എന്നും വിലയിരുത്തലുകളുണ്ട്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചില പ്രതികരണങ്ങൾ വലിയ തോതിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും നേതാക്കൾ തുറന്നു പറയുന്നു.
അതിനിടെ, മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേഷ്, മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർ പുലർത്തുന്ന മൗനവും പരക്കെ ചർച്ചയായിട്ടുണ്ട്.

Share This Article