ഐക്യം പൊളിഞ്ഞു; എസ്എൻഡിപിയെ സംശയിച്ച് എൻഎസ്എസ് ; ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്

insight kerala

ഐക്യത്തിനായി കൈ കൊടുത്ത് ഒമ്പതാം നാളിൽ തീരുമാനം മാറ്റി എൻഎസ് എസ്. എസ്.എൻ.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തു. എൻ.എസ്.എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ലെന്നാണ് ഇതുമായ ബന്ധപ്പെട്ട വാർത്താകുറിപ്പിൽ എൻ.എസ്.എസ് വ്യക്തമാക്കിയിരിക്കുന്നത്. സമുദായിക- രാഷ്ട്രീയ സംഘടനകള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യനീക്കത്തിനാണ് അന്ത്യമുണ്ടായിരിക്കുന്നത്. എസ്എൻഡിപിയുടെ നീക്കത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി ജി സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ഐക്യ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി പെരുന്നയിൽ വരാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഐക്യം വേണ്ട എന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനം ഉണ്ടായത്.

എസ്എൻഡിപിയുടെ ഐക്യ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല എന്നും അതേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഐക്യം പ്രായോഗികം അല്ല എന്ന് ആദ്യം വാർത്താക്കുറിപ്പ് ആക്കിയ ശേഷം പിന്നീട് സുകുമാരൻ നായർ മാധ്യമങ്ങളെ കണ്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പല വിഷയങ്ങളും എൻഎസ്എസിനെ അലട്ടുന്നുണ്ട്. എസ്എൻഡിപിയുമായി യോജിച്ചാൽ ബിജെപിയിലേക്ക് എന്ന വ്യാഖ്യാനം ഉണ്ടാകുമെന്നും എൻഎസ്എസ് വിലയിരുത്തുന്നു. ഭൂരിപക്ഷ സാമുദായിക സംഘടനകൾ ഒരുമിക്കുമ്പോൾ വർഗീയ ധ്രുവീകരണത്തിന് ഇടയാകും എന്ന വിലയിരുത്തലും ഉണ്ട്. എൻഎസ്എസ് ബിജെപിയോടും സിപിഎമ്മിനോടും അടുക്കുന്നു എന്ന സംശയവും ഉണ്ടാകും. ഇത്തരം പല കാര്യങ്ങളും എൻഎസ്എസിനെ മാറ്റി ചിന്തിക്കാൻ ഇടയാക്കി. അതേസമയം എൻഎസ്എസിന്റെ തീരുമാനത്തിൽ തൽക്കാലം പ്രതികരിക്കാനില്ല എന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്.

Share This Article