പത്തനാപുരത്ത് പൊലീസ് ജീപ്പ് രൂപമാറ്റം വരുത്തിയ വാഹനം കൊണ്ട് ഇടിച്ചു തെറിപ്പിച്ചു, കുപ്രസിദ്ധ ഗുണ്ടയെ മടയിൽ ചെന്ന് പൊക്കി, സിനിമാ സ്റ്റൈലിൽ പൂട്ടി പത്തനാപുരം പൊലീസ്

insight kerala

കൊല്ലം: “കേരള പൊലീസ് എന്നാ സുമ്മാവാ”- ഇത് കേവലമൊരു ഡയലോഗ് അല്ലെന്ന് പത്തനാപുരം പൊലീസ് തെളിയിച്ചു. ഇക്കാര്യം അക്ഷരാർഥത്തിൽ സത്യമാണെന്ന് ഗുണ്ടാ സംഘവും തിരിച്ചറിഞ്ഞു. പത്തനാപുരത്ത് പൊലീസ് ജീപ്പിനെ രൂപമാറ്റം വരുത്തിയ ജീപ്പ് കൊണ്ട് ഇടിച്ചു തെറിപ്പിച്ചശേഷം ഡയലോഗുമടിച്ച് കടന്നു കളഞ്ഞ കുപ്രസിദ്ധ ഗുണ്ട സജീവനെ മടയിൽ കയറിയാണ് പത്തനാപുരം പൊലീസ് പൊക്കിയത്. തമിഴ്നാട്ടിലെ തെങ്കാശിക്കും പുളിയറയ്ക്കും ഇടയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് ഗുണ്ടാത്തലവൻ സജീവനെ പൊലീസ് പൊക്കിയത്.
ഇക്കഴിഞ്ഞ ദിവസമാണ് സജീവൻ തന്റെ വാഹനം പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറ്റിയത്. പൊലീസുകാരെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു ഈ പരാക്രമം. ഇതിനുശേഷം മാസ് ഡയലോഗും അടിച്ച് തമിഴ്നാട്ടിലെ തെങ്കാശിയിലേക്ക് മുങ്ങി.
സജീവനെ പിടികൂടുക എന്നത് പൊലീസിനെ സംബന്ധിച്ച് വലിയൊരു ‘ടാസ്ക്’ ആയിരുന്നു. സജീവൻ ഉപയോഗിക്കുന്നത് സാധാരണ ഫോൺ. അതിൽ നിന്ന് ബന്ധപ്പെടുന്നത് ഏറ്റവും വിശ്വസ്തരായ രണ്ടോ മൂന്നോ പേരെ മാത്രവും. ഇതിനിടയിൽ സജീവനെ വീരനായി അവതരിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യുന്ന രണ്ടുപേരെ പൊലീസ് സമർഥമായി പൊക്കി. പിന്നെ ഇവരെ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ മൊത്തം.
ഇതിനിടയിൽ പൊലീസിന്റെ പക്കലുള്ള ഒരു കൂട്ടാളിയിലേക്ക് സജീവന്റെ കോൾ. ഇതു വഴി പത്തനാപുരം പൊലീസ് ആക്ഷൻ സജീവമാക്കി. സജീവൻ തെങ്കാശിക്കും പുളിയറയ്ക്കും ഇടയിലുള്ള രഹസ്യകേന്ദ്രത്തിൽ ഉണ്ടെന്ന് കണ്ടെത്തി.
അവിടെയെത്തിയപ്പോഴും പ്രതിബന്ധങ്ങൾ അനവധി നേരിടേണ്ടിവന്നു. പത്തേക്കറിലേറെ വിസ്തൃതിയുള്ള ഒരു തോട്ടത്തിനകത്താണ് ഗുണ്ടാ നേതാവിന്റെ സങ്കേതം. തോട്ടത്തിലാകെ പട്ടികളെ അഴിച്ചു വിട്ടിരിക്കുന്നു. കഞ്ചാവിന് അടിമയായ കുറേ കൂട്ടാളികളും. ഈ സംഘത്തെ ആദ്യം ഒരുക്കി. പിന്നാലെ സജീവന്റെ രഹസ്യ സങ്കേതത്തിലേക്ക്. മൂന്ന് വാതിലുകൾ വഴി ഒരേസമയം പൊലീസ് സംഘം അകത്തേക്ക് കുതിച്ചു. പൊലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ചു പോയ സജീവൻ തന്റെ തലയണക്കടിയിൽ കരുതിയ വടിവാൾ എടുക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും പൊലീസിന്റെ പൂട്ട് വീണിരുന്നു. ഇതിനിടയിലും സജീവൻ പൊലീസിനെ കായികമായി ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
” നന്നായി സ്ട്രഗിൾ ചെയ്യേണ്ടിവന്നു അയാളെ പൂട്ടാൻ. പൊലീസ് വാഹനത്തിനടുത്ത് എത്തിച്ചപ്പോഴും അക്രമാസക്തനായിരുന്നു”- ഓപ്പറേഷന് നേതൃത്വം നൽകിയ പത്തനാപുരം ഇൻസ്പെക്ടർ ആർ ബിജു ” ഇൻസൈറ്റ് കേരള” യോട് പറഞ്ഞു.
​പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. കഞ്ചാവും കള്ളും വാങ്ങിക്കൊടുത്ത് കൂടെ നിർത്തിയ ചില ചെറുപ്പക്കാരുടെ വീര നേതാവ് അഴിക്കുള്ളിലും. നിയമം കയ്യിലെടുക്കുന്നവർക്കുള്ള ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് സജീവന്റെ അറസ്റ്റ്.
പത്തനാപുരം ഇൻസ്പെക്ടർ ആർ ബിജു, എസ് ഐ കെ എച്ച് ഷാനവാസ്, എ എസ് ഐ അക്ഷയ്, സി പി ഒ മാരായ ബോബിൻ, വിഷ്ണു എന്നിവരാണ് സജീവനെ മടയിൽ ചെന്ന് തൂക്കിയത്.

Share This Article