വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ തുടരും. തിങ്കളാഴ്ച തിയറ്ററുകൾ അടച്ചിടില്ല.
സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സിനിമ സംഘടനാ നേതാക്കൾ പറഞ്ഞു. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമാണെന്നും നേതാക്കള്‍ പറഞ്ഞു.
വിനോദ നികുതി നാല് ശതമാനമായി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവെച്ചെങ്കിലും, ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
തിയേറ്ററുകളുടെ ലൈസൻസ് പുതുക്കൽ, ഷൂട്ടിംഗിനായുള്ള ഏകജാലക സംവിധാനം, വൈദ്യുതി നിരക്കിലെ വർദ്ധനവ് തുടങ്ങിയ പരാതികൾ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നും സംഘടനകളുടെ ആവശ്യങ്ങൾ ന്യായമാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും അതിനാൽ നാളത്തെ പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്മാറുന്നതായും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.

