രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് കൂടുതൽ മുറുക്കുകയാണ് അന്വേഷണസംഘം. അറസ്റ്റ് വിവരവും കേസിന്റെ വിശദാംശവും അന്വേഷണസംഘം രേഖാമൂലം സ്പീക്കറെ അറിയിച്ചു. നിയമോപദേശത്തിന് ശേഷം എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിനു മുമ്പ് തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടി ശ്രമിക്കുന്നത്. മൂന്നു കേസുകളുടെ അന്വേഷണവും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. അതിനിടെ രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നു. ഇരുവരുടേയും ചാറ്റ് അടക്കമുള്ള വിശദാംശങ്ങളാണ് പുറത്തുവന്നത്. തനിക്കെതിരെ പരാതിയുമായി വന്നവർക്കും കുടുംബാംഗങ്ങൾക്കും അതേ നാണയത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. തന്നെ പേടിപ്പിക്കാൻ ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട എന്നും താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണെന്നും ഇനിയെന്തിനും തയ്യാറാണെന്നും രാഹുൽ യുവതിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. പരാതിയുമായി മുന്നോട്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും രാഹുൽ ഭീഷണിപ്പെടുത്തുന്നുണ്ട്. അതിജീവിതയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന രേഖകൾ ഉൾപ്പെടെ കാട്ടിയാകും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കുക.

