‘യൂണിവേഴ്സിറ്റി ഓഫ് പൊന്നാനി ‘ ; രാജ്യത്തെ ഏറ്റവും വലിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം പിടിയില്‍

insight kerala

പൊന്നാനി:രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രം തമിഴ്‌നാട്ടില്‍ കണ്ടെത്തി. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മാണ സാമഗ്രികളും വ്യാജസീലുകളുമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും പൊന്നാനി പോലീസും ചേര്‍ന്ന് പിടികൂടിയത്. തമിഴ്‌നാട് പൊള്ളാച്ചിയിലെ വീടിനുള്ളിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്.

സംഭവത്തില്‍ മുഖ്യപ്രതി മലപ്പുറം തിരൂര്‍ സ്വദേശികള്‍ അടക്കം 10 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രത്തിന്‍റെ മുഖ്യസൂത്രധാരനും തിരൂര്‍ മീനടത്തൂര്‍ സ്വദേശിയുമായ ഡാനി (ധനീഷ്-37), പൊന്നാനി പോത്തനൂര്‍ സ്വദേശി മൂച്ചിക്കല്‍ ഇര്‍ഷാദ്(39), തിരൂര്‍ പുറത്തൂര്‍ സ്വദേശി നമ്പ്യാരത്ത് വീട്ടില്‍ രാഹുൽ(30),തിരൂര്‍ പയ്യാരങ്ങാടി ചാലുപറമ്പില്‍ നിസാർ(31), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജസീം മല്‍സിലില്‍ ജസീം(38), ജസീമിന്‍റെ ഭാര്യ സഹോദരന്‍ ഷെഫീക്ക്(40), സുഹൃത്ത് രതീഷ്(38),തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദീൻ(40), അരവിന്ദ്(24), വെങ്കിടേഷ്(24)എന്നിവരെയാണ് പൊന്നാനി സിഐ എസ്. അഷ്‌റഫിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്.

പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദ് നടത്തി വരുന്ന പൊന്നാനി സി വി ജംഗ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ കൊറിയർ വഴി വിതരണത്തിനായി എത്തിയ സംസഥാനത്തിനു പുറത്തുള്ള വിവിധ യുണിവേഴ്സിറ്റികളുടെ 100 ഓളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പോലീസ് പിടിച്ചെടുത്തിരുന്നു . ഇര്‍ഷാദിനൊപ്പം പിടിയിലായ രാഹുൽ, നിസ്സാർ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് രാജ്യത്തെ പ്രധാന യൂണിവേഴ്‌സിറ്റികളിലെ മാർക്ക് ലിസ്റ്റുകൾ,കോൺടാക്ട് സർട്ടിഫിക്കറ്റുകൾ ,ഡിഗ്രി സർട്ടിഫിക്കറ്റുകൾ ,വിവിധ പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ, റെക്കമെൻ്റ്ഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്ന അന്താരാഷ് ട്ര മാഫിയ സംഘത്തിന്‍റെ സാമ്രാജ്യം പൊളിഞ്ഞത്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, തുടങ്ങിയ 22 യൂണിവേഴ്സിറ്റികളിലെ ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, സീല്‍, പ്രിന്‍റിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍, സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്യാനുള്ള ബ്ലാങ്ക് പേപ്പറുകള്‍ എന്നിവയാണ് പിടികൂടിയത് .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തിരുവനന്തപുരം സ്വദേശിയായ ജസീം ആണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു തരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചത് . ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ ജസീം കോട്ടയം ,തെങ്കാശി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും തുടർന്ന് ബാംഗ്ലൂരിലേക്ക് കടക്കുകയും ചെയ്‌തിരുന്നു. വിപുലമായ അന്വേഷണങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ഒളി സങ്കേതത്തിൽ നിന്നും പൊന്നാനി പോലീസ് ജസീമിനെ പിടികൂടി. ചോദ്യം ചെയ്തതിൽ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നത് സംഘത്തലവനായ ഡാനി എന്ന ആൾ ആണ് എന്ന സൂചന ലഭിച്ചു. എന്നാൽ തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടി ഡാനി ആർക്കും തന്റെ യഥാർത്ഥ ചിത്രമോ മേൽവിലാസമോ നൽകിയിരുന്നില്ല. മറ്റു പ്രതികളിൽ നിന്നും ഡാനി മലയാളിയാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും എത്തി കൊറിയർ സർവീസുകളും ബാങ്ക് അകൗണ്ടുകളും ദിവസങ്ങളോളം നിരീക്ഷിച്ചതിൽ തമിഴ്നാട് പൊള്ളാച്ചിയിൽ വീടു വാടകയ്ക്ക് എടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തുന്ന വിവരം പോലീസ് കണ്ടെത്തി. .പൊലീസ് പ്രെസ്സിൽ റെയ്ഡ് ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ പ്രിന്റിങ് നടക്കുകയായിരുന്നു.

2013 ൽ കല്പകഞ്ചേരി സ്റ്റേഷനിൽ വിതരണത്തിനായി എത്തിച്ച വ്യാജ സർട്ടിഫിക്കറ്റുമായി ധനീഷ് പിടിയിലായി തിരൂർ സബ്ജയിലിൽ റിമാൻഡിൽ ആയിരുന്നു. പ്രതി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഡാനി എന്ന അപരനാമം ഉപയോഗിച്ച് ഏജൻ്റുമാർക്ക് തന്നെ തിരിച്ചറിയാത്ത വിധത്തിൽ മാഫിയ സംഘത്തെ നിയന്ത്രിച്ച് വരികയായിരുന്നു. തിരൂരിൽ കോടികളുടെ ആഡംബര വീടും പൂനയിൽ 2 ഫൈവ് സ്റ്റാർ ബാറുകളും അപ്പാർട്ട്മെൻ്റുകളും ഗൾഫിൽ അപ്പാർട്ട്മെന്റുകളും കോടികളുടെ ബിസിനസ്സ് സ്ഥാപനവും ഉൾപ്പെടെ കോടികളുടെ സമ്പാദ്യം സ്വന്തമാക്കി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നത് മനസ്സിലാക്കി കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ധനീഷിനെ എയർപോർട്ടിൽ പോലീസ് സംഘം നിരീക്ഷിക്കുന്നത് മനസ്സിലാക്കി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ കുന്ദമംഗലം പൊലീസിൻ്റെ സഹായത്തോടെ കുന്ദമംഗലത്ത് വെച്ച് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

തിരൂർ സ്വദേശിയായ ധനീഷ് ഏജന്റുമാർ മുഖേന വിദേശത്തും സ്വദേശത്തുമായി നിരവധി ആളുകൾക്ക് 75000 മുതൽ ഒന്നര ലക്ഷം രൂപ വരെ കൈപ്പറ്റിയാണ് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ മുദ്രകളോട് കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് കൊറിയർ വഴി എത്തിച്ച് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദേശത്തു നിരവധി ആളുകൾ ഇയാളുടെ സ്ഥാപനങ്ങളിൽ ജോലിക്ക് ചേർന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട് .

തെലങ്കാന എയർപോർട്ടിൽ ഒരാളിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയതിലും ജസീം പ്രതിയാണ്. അന്വേഷിച്ചെത്തിയ തെലങ്കാന പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു .ജസീമിന്റെ കൂട്ടാളികളായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ രതീഷ് (38 ) ജസീമിൻ്റെ ഭാര്യാ സഹോദരൻ ഷഫീഖ് (40) എന്നിവരെയും കടക്കൽ പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിന് ഇടയിൽ അഫ്സൽ എന്ന പ്രതിയെ പൊന്നാനി പോലീസ് കണ്ടെത്തി കേസ് എടുത്തിരുന്നു. ഇർഷാദിൽ അന്വേഷണം തുടങ്ങിയ കേസിൽ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലും തിരുവന്തപുരം, കൊല്ലം ,കോട്ടയം ജില്ലകളിലും ആയി ഒരു മാസത്തോളം നീണ്ട ശ്രമകരമായ അന്വേഷണങ്ങൾക്ക് ഒടുവിൽ ആണ് സംഘത്തലവൻ ഡാനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധനീഷ് ഉൾപ്പടെയുള്ള പ്രതികളെയും പ്രിൻ്റിംഗ് ഉപകരണങ്ങളും സ്ഥാപനവും കണ്ടെത്താൻ കഴിഞ്ഞത്.

വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയവരെ കുറിച്ചും വിശദമായി പോലീസ് അന്വേഷണം നടത്തും. ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ സർവീസുകളിലോ പ്രൊമോഷൻ തസ്തികകളിലോ കയറിക്കൂടിയിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. പൊന്നാനിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപകനായും വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻ്റായും പ്രവർത്തിച്ചു വരികയാണ് പിടിയിലായ ഇർഷാദ്. ജൂനിയർ ക്ലർക്കായി സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ മുസ്ലിംലീഗ് തിരൂർ മണ്ഡലം സെക്രട്ടറിയും വെട്ടം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുന്നത്ത് ഷഫീഖിനെ അറസ്റ്റ്‌ ചെയ്ത്‌ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം വെട്ടം പഞ്ചായത്ത് കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിരുന്നു . പിടിയിലായ സംഘത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലിസ് പരിശോധിച്ച് വരുകയാണ് .

2014–ൽ പ്യൂണായി ബാങ്കിൽ ജോലിക്ക് കയറിയ ഷഫീഖ് സ്ഥാനക്കയറ്റത്തിനാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത്‌ സംബന്ധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സഹകരണ വകുപ്പ് യുഡിഎഫ് ഭരിക്കുന്ന വെട്ടം സഹകരണ ബാങ്ക്‌ ഭരണസമിതിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പൊലീസിൽ പരാതി നൽകാൻ ബാങ്ക് ഭരണസമിതി തയ്യാറായില്ല. ഇതേ തുടർന്ന് കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സഹകരണ വകുപ്പിനും പൊലീസിനും പരാതി നൽകിയിരുന്നു.

സംഘത്തലവൻ ആയ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസിൻ്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്പി, എ .ജെ.ജോൺസൺ, പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് , എസ് ഐ മാരായ ബിബിൻ സി .വി, ആൻ്റോ ഫ്രാൻസിസ് , ജയപ്രകാശ്. എ.എസ്.ഐ.രാജേഷ്, ജയ പ്രകാശ്, എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ ,അഷറഫ് എം.വി ,നാസർ, എസ് .പ്രശാന്ത് കുമാർ , ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് , സൗമ്യ ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ്ജയിലില്‍ റിമാൻഡ് ചെയ്തു.

Share This Article