തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബു സമർപ്പിച്ച രണ്ട് ഹർജികളും കോടതി തള്ളി.
ഔദ്യോഗിക രേഖയില്‍ സ്വർണപ്പാളികൾ ചെമ്പെന്ന് എഴുതിയത് മുരാരി ബാബുവാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും എസ് ഐ ടി കണ്ടെത്തി. അതേസമയം, മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി.
അതിനിടെ, കേസിൽ റിമാന്റിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യാൻ കൊല്ലം വിജിലൻസ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി കാലാവധി. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

