തിരുവനന്തപുരം / പത്തനംതിട്ട ∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ അറസ്റ്റിന് പിന്നാലെ, മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തേക്കും.
പാർട്ടി നേതൃത്വത്തിലെ ചില നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം അറസ്റ്റ് വൈകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എൻ. വാസുവിന്റെ അറസ്റ്റിനെ തുടർന്നുള്ള വിയോജിപ്പ് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം അറസ്റ്റുകൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ചില നേതാക്കൾ സർക്കാർ കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ട്.
എങ്കിലും, ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലുള്ള കേസായതിനാൽ എ. പത്മകുമാറിൻ്റെ ഉൾപ്പെടെയുള്ള അറസ്റ്റ് എസ്ഐടിക്ക് ഒഴിവാക്കാൻ കഴിയില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
പ്രതികളുടെ റിമാൻഡ് നീട്ടി
സ്വർണക്കവർച്ച കേസിൽ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഈ മാസം 27 വരെ നീട്ടി. എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
ഇതിനിടെ, കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഇതോടെ ജയശ്രീയെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇനി തടസ്സങ്ങളില്ല.

