ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് നായക് ആശുപത്രിയിലെത്തി. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 6.50-ന് ചെങ്കോട്ടയ്ക്ക് സമീപം വെള്ള ഹ്യുണ്ടായ് i20 കാറിലുണ്ടായ സ്ഫോടനത്തിൽ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത് തിരക്കേറിയ സമയത്തുണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Went to LNJP Hospital and met those injured during the blast in Delhi. Praying for everyone’s quick recovery.
Those behind the conspiracy will be brought to justice! pic.twitter.com/HfgKs8yeVp
— Narendra Modi (@narendramodi) November 12, 2025
സ്ഫോടനം നടന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള ‘വൈറ്റ് കോളർ’ ഭീകരസംഘം പിടിയിലായിരുന്നു. കശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ റാക്കറ്റിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2,900 കിലോ സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
സ്ഫോടനത്തിൽ തകർന്ന കാർ ഓടിച്ചിരുന്ന ഡോ. ഉമർ നബിയും അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായി, ഡോ. ഷഹീൻ സയീദ് എന്നിവരും ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ളവരാണ്. ഈ സർവകലാശാലയിൽ നിന്നാണ് 360 കിലോ അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്. സ്ഫോടനത്തിൽ കാർ ഓടിച്ച ഡോ. ഉമർ നബി മരിച്ചതായാണ് കരുതുന്നത്.
ഗനായിയും ഉമറും സ്ഫോടനത്തിന് മുൻപ് ചെങ്കോട്ട പരിസരം നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ദീപാവലിക്ക് തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പാക്കാൻ സാധിച്ചില്ല. റിപ്പബ്ലിക് ദിനത്തിലും ആക്രമണം നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ഫോടനത്തിൽ ഉപയോഗിച്ചത് അതിശക്തമായ ANFO
അമോണിയം നൈട്രേറ്റും ഇന്ധന എണ്ണയും അടങ്ങിയ അതീവ സ്ഫോടകശേഷിയുള്ള എഎൻഎഫ്ഒ (ANFO) ആണ് ഹ്യുണ്ടായ് i20 കാറിൽ നിറച്ചിരുന്നതെന്ന് വിവരമുണ്ട്. സ്ഫോടനം സംഭവിച്ചത് ഒരു ഡിറ്റോണേറ്റർ ഉപയോഗിച്ച് സ്വയം ട്രിഗർ ചെയ്തതിലൂടെയാകാം, ഇത് ഇതൊരു ചാവേർ ആക്രമണമാണ് എന്ന സൂചന നൽകുന്നു.
ഡൽഹി സ്ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച സ്ഫോടക വസ്തുക്കളുടെ സാമ്പിളുകളിൽ ചിലത് അമോണിയം നൈട്രേറ്റിനേക്കാൾ ശക്തിയേറിയതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

