ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതികൾക്ക് അടുത്ത റിപ്പബ്ലിക് ദിനത്തിലും മുൻപ് ദീപാവലി സമയത്തും ആക്രമണം നടത്താൻ പദ്ധതിയുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
സ്ഫോടനത്തിന് മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരം നിരീക്ഷിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. സ്ഫോടകവസ്തുക്കളുമായി ഫരീദാബാദിൽ നിന്ന് പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. അടുത്ത ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് ഡൽഹിയിൽ സ്ഫോടനം നടത്താൻ പദ്ധതിയുണ്ടായിരുന്നതായി മുസമ്മിൽ ഷക്കീൽ മൊഴി നൽകി.
ഇതിനു മുന്നോടിയായാണ് താനും കാർ ഓടിച്ച ഡോ. ഉമർ നബിയും നേരത്തെ ചെങ്കോട്ടയുടെ പരിസരത്ത് എത്തി നിരീക്ഷണം നടത്തിയതെന്നും മുസമ്മിൽ വെളിപ്പെടുത്തി. ഇതിൻ്റെ തെളിവുകൾ മുസമ്മിലിന്റെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദീപാവലിക്ക് ഡൽഹിയിൽ സ്ഫോടനം നടത്താൻ ഒരുങ്ങിയിരുന്നെങ്കിലും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എവിടെയാണ് സ്ഫോടനത്തിനൊരുങ്ങിയതെന്നു വ്യക്തമല്ല.
സ്ഫോടന വിവരങ്ങൾതിങ്കൾ വൈകിട്ട് $6.52$-നാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം നടന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണ് സംഭവം നടന്നത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്ക് മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിച്ചത്. ഈ കാർ ഓടിച്ചിരുന്നത് മുസമ്മിൽ ഷക്കീലിന്റെ കൂട്ടാളിയായ ഡോ. ഉമർ നബി ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്.

