ഇന്ത്യൻ ഫുട്‌ബോളിന് ആശങ്കയായി, ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഏറ്റെടുക്കാൻ സ്പോൺസർമാരില്ലാത്ത പ്രതിസന്ധി. സ്പോൺസർമാർക്ക് ലാഭമുറപ്പാക്കും വിധം ലീഗ് നടത്തുന്നതിനായി, ഭരണഘടനാ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സുപ്രീംകോടതിയുടെ അനുവാദം തേടാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) തീരുമാനിച്ചു.
കഴിഞ്ഞ മാസം സുപ്രീംകോടതി അംഗീകരിച്ച ഭരണഘടനയിലെ ചില വ്യവസ്ഥകളിൽ അയവ് വരുത്തണമെന്നാണ് എഐഎഫ്എഫിന്റെ ആവശ്യം. ഐഎസ്എൽ ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
പ്രതിസന്ധിയിൽ
ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വം കാരണം, രാജ്യത്തെ പ്രമുഖ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കൊൽക്കത്തയിലെ മോഹൻ ബഗാന് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സും അനിശ്ചിതകാലത്തേക്ക് പ്രവർത്തനം നിർത്തിവെച്ചതായി അറിയിച്ചു.
ഡിസംബറിൽ ലീഗ് ആരംഭിക്കുമെന്ന പ്രതീക്ഷയിൽ വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും പരിശീലനം തുടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ, ടെൻഡർ പോലും നടക്കാത്ത സാഹചര്യത്തിലാണ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.
“ഞങ്ങൾ സ്തംഭനാവസ്ഥയിലാണ്. താരങ്ങൾക്കും ജീവനക്കാർക്കും ഭാവിയിൽ ആശങ്കയുണ്ട്. എല്ലാവരും നിരാശരാണ്. മുന്നോട്ടു പോകുന്തോറും ആശങ്ക വർധിക്കുകയാണ്,” കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
ഐഎസ്എൽ എപ്പോൾ തുടങ്ങുമെന്ന് ഉറപ്പില്ലാത്തതിനാൽ എഫ്‌സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും താരങ്ങൾക്ക് ദീർഘ അവധി അനുവദിച്ചു. ബെംഗളൂരു എഫ്‌സി നവംബർ 12 വരെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി. ചെന്നൈയിൻ എഫ്‌സിയും താരങ്ങളെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ഒഡീഷ എഫ്‌സി ഇതുവരെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടില്ല.

