കേരളത്തിലെ 9 ലക്ഷം തെരുവുനായകളെ സംരക്ഷിക്കുന്ന അസോസിയേഷന് പണം നൽകുന്നത് പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണ കമ്പനി; ഞെട്ടിക്കുന്ന വിവരങ്ങൾ ഇൻസൈറ്റ് കേരള പുറത്തുവിടുന്നു

AnilKumar BalaKrishnan

തിരുവനന്തപുരം: കേരളത്തിൽ പ്രതിവർഷം നാലുലക്ഷം പേരെ കടിക്കുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നും കൊല്ലരുതെന്നും വാദിച്ച് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന സംഘടനക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാന സ്‌പോൺസർമാരിൽ ഒരാൾ പേവിഷ പ്രതിരോധ മരുന്ന് കമ്പനി.

കംപാഷൻ ഫോർ ആനിമൽസ് വെൽഫെയർ അസോസിയേഷൻ (CAWA) എന്ന സംഘടനയാണ് പേവിഷ പ്രതിരോധ മരുന്ന് കമ്പനിയിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നത്. മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ വേണ്ടി പ്രവർത്തിക്കുന്നുവെന്ന് പറയപ്പെടുന്ന സംഘടനയാണ് ഇത്. മൃഗങ്ങളുടെ ക്ഷേമം എന്ന് പൊതുവെ പറയുമെങ്കിലും തെരുവുനായകൾ ഒഴികെ മറ്റേതെങ്കിലും മൃഗങ്ങളുടെ പ്രശ്‌നങ്ങൾ ഇവർ കൈകാര്യം ചെയ്തതായി അറിവില്ല.

നിഗൂഢമായ നായപ്രേമി സംഘടന

കേരളത്തിൽ ഒമ്പത് ലക്ഷം തെരുവുനായകൾ ഉണ്ടെന്നാണ് കണക്ക്. ദിവസവും നൂറുകണക്കിന് പേർക്കാണ് തെരുവുനായ്ക്കളുടെ കടി ഏൽക്കുന്നത്. പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും മരിച്ചവരെയും നാം കണ്ടു. ദുർബല വിഭാഗത്തിൽപ്പെട്ടവർ, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും. ഇവർക്കാണ് തെരുവുനായ്ക്കളുടെ കടി കൂടുതലായി ഏൽക്കുന്നത്. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ്കൾ കൂട്ടമായി ആക്രമിച്ച് കടിച്ചുകീറി കൊന്നതും അടുത്തിടെയാണ്. ഇതോടെ ജനരോഷം ആളിക്കത്തി. തെരുവുനായകളെ കൊല്ലണമെന്നും തെരുവുകളിൽ നിന്ന് ഉൻമൂലനം ചെയ്യണമെന്നും വാദം ഉയർന്നു. അപ്പോൾ ചാടിവീണ സംഘടനയാണ് ഈ അസോസിയേഷൻ. കേരളത്തിൽ അങ്ങോളമിങ്ങോളം ഇവർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇതിനിടെയാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തെരുവുകളിൽ നിന്ന് തെരുവുനായകളെ മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിധിക്കെതിരെ അസോസിയേഷൻ ചാടിവീണു. സെക്രട്ടേറിയറ്റിന് മുന്നിൽ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് സംഘടനയുടെ തണലിൽ ആ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. നിമിഷം കൊണ്ട് ആളെകൂട്ടാൻ കഴിയുന്ന ഈ സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് അന്ന് അജ്ഞാതമായിരുന്നു. കൂടുതലും സ്ത്രീകളാണ് സംഘടനയുടെ ലേബലിൽ മൃഗസ്‌നേഹികൾ എന്നുപറഞ്ഞ് രംഗത്തിറങ്ങിയത്. റാബീസ് ഫ്രീ ഇന്ത്യയാണ് ഇവരുടെ പ്രോജക്റ്റ്.

തെരുവുനായകളെ തെരുവിൽ തന്നെ പുനരധിവസിപ്പിക്കണം എന്നതാണ് ലൈൻ. മനുഷ്യർ തെരുവുനായകൾക്കൊപ്പം ജീവിക്കുക എന്ന ആശയമാണ് ഇതിലൂടെ ഇവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തിൽ ആകെ ഒമ്പത് ലക്ഷം തെരുവുനായകൾ ഉണ്ടെന്നാണ് കണക്ക്. ഓരോ വർഷം നാലുലക്ഷം പേർക്ക് കടി കിട്ടുന്നുമുണ്ട്. വാക്‌സിനെടുക്കാതെ ധാരാളം പേർ മരിക്കുന്നു. വാക്‌സിൻ എടുത്തിട്ടും മരിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല.

മുഖത്തും തലയിലുമൊക്കെ പേപ്പട്ടിയുടെ കടി കിട്ടുന്നവരാണ് വാക്‌സിനെടുത്തിട്ടും മരിക്കുന്നവർ. നാലുലക്ഷം പേർക്ക് കടികിട്ടുമ്പോൾ കേരളത്തിൽ പേവിഷ പ്രതിരോധ വാക്‌സിൻ നല്ല രീതിയിൽ ചെലവാകുന്നുമുണ്ട്. അതുകൊണ്ടുതന്നെ തെരുവുകളിൽ തെരുവുനായകളെ നിലനിർത്തേണ്ടത് വാക്‌സിൻ കമ്പനികളുടെ ആവശ്യവുമാണ്.

നായസ്നേഹികളുടെ സ്പോണ്‍സർ വാക്സിൻ കമ്പനി

അപ്പോഴാണ്, കംപാഷൻസ് ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷൻ (CAWA) എന്ന സംഘടനയുടെ പ്രവർത്തനം സംശയാസ്പദം ആകുന്നത്. ഇന്ത്യൻ ഇമ്മ്യുണോളജിക്കൽസ് ലിമിറ്റഡ് എന്ന പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണ കമ്പനിയാണ് ഇവരുടെ പ്രവർത്തനങ്ങളുടെ പ്രധാന സ്‌പോൺസർമാരിൽ ഒരാൾ.

തെരുവുനായ്ക്കളെ തെരുവിൽ നിലനിർത്തുമ്പോൾ അവ ജനങ്ങളെ കടിച്ചുകീറും. അതിന്റെ പ്രയോജനം ലഭിക്കുന്നത് പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണ കമ്പനിയായ ഇന്ത്യൻ ഇമ്മ്യുണോളജിക്കൽസ് ലിമിറ്റഡിനാണ്. തെരുവുനായ്ക്കളെ തെരുവിൽ നിന്ന് ഉൻമൂലനം ചെയ്യണമെന്ന നിർദേശം സുപ്രീംകോടതി മുതൽ സാധാരണക്കാർ വരെ ഉന്നയിക്കുമ്പോൾ അതിനെ എതിർക്കുന്നതും സജീവമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നതും പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണ കമ്പനി സ്‌പോൺസർ ചെയ്യുന്ന സി.എ.ഡബ്ല്യു.എ ആണെന്ന് മനസ്സിലാക്കുന്നിടത്താണ് ഈ കമ്പനിയുടെ ഗൂഢതന്ത്രം വെളിവാകുന്നത്.

CAWA = website details
CAWA ഔദ്യോഗിക വെബ്സൈറ്റില്‍ അവരുടെ സ്പോണ്‍സറെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരം

സി.എ.ഡബ്ല്യു.എ അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറിൽ പങ്കെടുത്തിരുന്നു. അന്ന് അവിടെ തങ്ങളുടെ സ്പോൺസർമാരെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡിനെക്കുറിച്ചും പരാമർശിച്ചു. തങ്ങളെ സ്‌പോൺസർ ചെയ്യുന്നത് ഇന്ത്യൻ ഇമ്മ്യുണോളജിക്കൽ ലിമിറ്റഡ് ആണെന്ന് അവർ വ്യക്തമാക്കി. നിങ്ങളുടെ സംഭാവന മൃഗങ്ങളുടെ വിലപിടിപ്പുള്ള ജീവൻ രക്ഷിക്കാൻ ഉതകുമെന്ന് CAWA യുടെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, തെരുവിൽ നായകളുടെ കടിയേറ്റ് പിടിഞ്ഞുവീണ് മരിക്കുന്ന പാവപ്പെട്ടവന്റെ ജീവിതത്തിന് എന്ത് വിലയാണെന്ന ചോദ്യം ബാക്കിയാകുന്നു. കേരളത്തിലെ നായസ്‌നേഹികളുടെ ഇരുണ്ട മുഖമാണ് ഇൻസൈറ്റ് കേരള ഈ വാർത്തയിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നത്.

Share This Article