തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ വി വി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം. ഇക്കുറി രാജേഷിന് സ്ഥാനാർത്ഥിത്വം നല്കരുതെന്ന് ഇതിനകം ഒരു വിഭാഗം നേതാക്കൾ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
രാജേഷിനുപകരം സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പദ്മിനി തോമസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ എന്നിവരിൽ ആരെയെങ്കിലും ഒരാളെ മത്സരിപ്പിക്കുന്നതാകും ഉചിതം എന്നാണ് കഴിഞ്ഞ ദിവസം മാരാർജി ഭവനിൽ ചേർന്ന യോഗത്തിൽ ആവശ്യം ഉയർന്നത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ചില ഒത്തുതീർപ്പ് വ്യവസ്ഥകൾ എന്നിവ കാരണം രാജേഷ് ജില്ലയിലെ മുഴുവൻ പ്രവർത്തകർക്കും അനഭിമതനാണെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

തർക്കം രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനാർഥി പട്ടികയുടെ ആദ്യഘട്ടം തീരുമാനിക്കാൻ ചേർന്ന യോഗം അലസി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും വിവി രാജേഷിന്റെ കാര്യത്തിൽ ഒരു താല്പര്യവുമില്ല.
ഈ സാഹചര്യത്തിലാണ് പദ്മിനി തോമസ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകൾ ഉയർന്നത്. ഇത് വലിയ വിഭാഗം നേതാക്കളും അംഗീകരിക്കുകയും ചെയ്തു. കോൺഗ്രസിൽ നിന്നും രാജിവെച്ച് അടുത്തിടെ ബിജെപിയിൽ ചേർന്ന തമ്പാനൂർ സതീഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

