കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയും മെയ്ത്ര ആശുപത്രിയും ഏറ്റെടുത്ത അമേരിക്കൻ ഭീമൻ കെകെആർ കമ്പനിക്ക് ഇസ്രായേൽ ബന്ധം, ഫലസ്തീനെ പിന്തുണച്ച കേരളത്തിലെ നേതാക്കൾ ചികിത്സ തേടുന്നത് ഈ ആശുപത്രികളിൽ

എം. എസ്. സനിൽ കുമാർ

MS Sanilkumar

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത യുഎസ് ആസ്ഥാനമായ കെ കെ ആർ കമ്പനിക്ക് ഇസ്രായേൽ ബന്ധം. ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ യൂറോപ്പിൽ ഉടനീളം ബഹിഷ്കരണം നേരിട്ട കമ്പനിയാണ് കെ കെ ആർ.2500 കോടി രൂപ മുടക്കിയാണ് ഈ കമ്പനി ബേബി മെമ്മോറിയൽ ആശുപത്രി ഏറ്റെടുത്തത്. വെസ്റ്റ് ബാങ്കിൽ നടത്തുന്ന സെറ്റിൽമെന്റുകൾ അഥവാ അധിനിവേശത്തിനും ഇസ്രായേലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ആയുധനിർമ്മാണത്തിനും സഹായം നൽകുന്നു എന്ന് ആരോപിച്ചാണ് കെ കെ ആറിനെതിരെ യൂറോപ്പിൽ ഉടനീളം പ്രതിഷേധം അലയടിച്ചത്. 2024 ജൂണിൽ കെ കെ ആർ യൂറോപ്പിലെ പ്രമുഖ എന്റർടെയിൻമെന്റ് കമ്പനിയായ സൂപ്പർ സ്ട്രക്റ്റ് ഏറ്റെടുത്തിരുന്നു. ഓസ്ട്രേലിയയിലും 10 യൂറോപ്യൻ രാജ്യങ്ങളിലുമായി 80 സംഗീത പരിപാടികളുടെ ചുക്കാൻ പിടിക്കുന്ന കമ്പനിയാണ് ഇത്.

സൂപ്പർ സ്ട്രക്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂറോപ്പിലെ മുൻനിര സംഗീത നിശയായ സോണാർ എഴുപതോളം സംഗീതകാരന്മാരാണ് ബഹിഷ്കരിച്ചത്. സൂപ്പർസ്ട്രക്റ്റ് കെ കെ ആർ ഏറ്റെടുത്തതിലെ പ്രതിഷേധം കാരണമായിരുന്നു ഇത്. ഇതിന് പിന്നാലെ സ്പെയിനും കെ കെ ആറിനെതിരെ രംഗത്തെത്തി. പലസ്തീനിലെ അനധികൃത സെറ്റിൽമെന്റുകളില്‍ നിർമ്മാണ പങ്കാളിത്തവും ഇസ്രയേലുമായി സാമ്പത്തിക പങ്കാളിത്തവൂമുള്ള കമ്പനികളുമായി ഒരുതരത്തിലുള്ള ബന്ധവും പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെയിൻ കെകെആറിനെതിരെ രംഗത്ത് വന്നത്. പിന്നീടാൻ നെതർലാൻസിലെ സംഗീത കലാകാരന്മാരും സോണാർ ഷോ റദ്ദാക്കി.ഇങ്ങനെ യൂറോപ്പിൽ ഉടനീളം ബഹിഷ്കരണവും പ്രതിഷേധവും നേരിട്ട കമ്പനിയാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ കോടികളുടെ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആഗോള ആരോഗ്യ ഭൂപടത്തിൽ കേരളം ഒരു മാതൃകയായി വിശേഷിപ്പിക്കപ്പെടുന്നത് അര നൂറ്റാണ്ട് മുൻപാണ്.കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് കേരളത്തെ ഈ വിശേഷണത്തിന് അർഹമാക്കിയത്.എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. മരണനിരക്ക് കുറവാണെങ്കിലും രോഗാതുരതയും ആരോഗ്യചെലവുകളും കുത്തനെ വർധിച്ചു. രോഗാതുരതയിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും അമിത രക്തസമ്മർദ്ദവും അടക്കം അർബുദ രോഗങ്ങളും മാനസിക രോഗങ്ങളും റോഡപകടങ്ങളും വൃദ്ധജനാനുപാത വർദ്ധനവും രോഗാതുരത വർദ്ധിക്കുന്നതിന് കാരണമാണ്. രോഗാതുരതയിലെ വർദ്ധനവ് ചികിത്സാ ചെലവുകളും ഉയർത്തുന്നു.

നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് (2021-22) പ്രകാരം, ജനങ്ങളുടെ സ്വകാര്യ ആരോഗ്യ ചെലവ് (out of pocket expenditure) ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൊത്തം ആരോഗ്യ ചെലവിന്റെ അറുപത് ശതമാനവും ജനങ്ങൾ അവരുടെ സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ ചെലവഴിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ആരോഗ്യത്തിന്റെ പൊതുവിഹിതം 32.5 ശതമാനം മാത്രമാണുള്ളത്.

2011 സെൻസസ് പ്രകാരം കേരളത്തിലെ വയോജന അനുപാതം ആകെ ജനസംഖ്യയുടെ 12.6 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോഴത് 19 ശതമാനമായി, അഞ്ചിലൊന്ന്. പത്തു വർഷം കൂടി കഴിയുമ്പോൾ കേരളത്തിലെ വയോജന അനുപാതം ആകെ ജനസംഖ്യയുടെ നാലിലൊന്നും 2051ൽ അത് മൂന്നിലൊന്നുമായി മാറും. നിലവിൽ വയോജനങ്ങളിലെ 35 ശതമാനം പേർക്ക് പ്രമേഹവും 53 ശതമാനം പേർക്ക് അമിത രക്തസമ്മർദ്ദവുമുണ്ട്. ഒരേസമയം മൂന്നിലധികം രോഗങ്ങളുള്ളവർ 20 ശതമാനമാണ്. രോഗാതുരതയിൽ വന്ന ഈ വർദ്ധനവ് കേരളത്തിൽ കൂടുതൽ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാക്കി.

തൊണ്ണൂറുകളിലെ സാമ്പത്തിക ഉദാരവത്കരണ നയങ്ങളെ തുടർന്നാണ് ചെറുകിട ആശുപത്രികളുടെ സ്ഥാനത്ത് വൻകിട സ്വകാര്യ ആശുപത്രികൾ കേരളത്തിലെ ആരോഗ്യ രംഗത്തേക്ക് കടന്ന് വരുന്നത്. പ്രവാസി നിക്ഷേപങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിച്ചു. ഇങ്ങനെ രൂപം കൊണ്ട ആശുപത്രികളിൽ ആസ്റ്റർ, കിംസ് തുടങ്ങിയ ആശുപത്രി ശൃംഖലകളും ഉൾപ്പെടുന്നു. അന്തർദേശീയ നിലവാരമുള്ള ചികിത്സ നാട്ടിൽ വ്യാപകമായി ലഭ്യമാക്കിയതിൽ ഇത്തരം വൻകിട സ്വകാര്യ ആശുപത്രികൾക്ക് വലിയ പങ്കുണ്ട്. ആരോഗ്യ രംഗത്തെ വർദ്ധിച്ച ആവശ്യങ്ങളും അതിനൂതന സാങ്കേതിക വിദ്യകളുടെ വരവും എല്ലാം ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപം അനിവാര്യമാക്കിത്തീർത്തു. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ അടുത്ത കാലത്ത് നടത്തിയ വൻ നിക്ഷേപങ്ങളെ വിലയിരുത്താൻ.

യു എസ് ആസ്ഥാനമായ ബ്ലാക്‌സ്റ്റോൺ, കെകെആർ എന്നീ വൻകിട നിക്ഷേപ കമ്പനികൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായി പതിനായിരം കോടിയിലധികം മുടക്കിയാണ് കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി ബ്രാന്റുകളായ കിംസ്, ആസ്റ്റർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തത്

ആസ്റ്റർ ഗ്രൂപ്പ് ബ്ലാക്ക്‌സ്റ്റോണിന്റെയും ടിപിജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് (QCIL) ൽ ലയിച്ചു. രാജ്യവ്യാപക സാന്നിധ്യമുള്ള കെയർ (CARE) ആശുപത്രി ശൃംഖലയെ ‘ക്വാളിറ്റി കെയർ’ ഏറ്റെടുത്തു.

ക്വാളിറ്റി കെയറിലൂടെ മറ്റ് ആശുപത്രികൾ ഏറ്റെടുക്കാൻ ബ്ലാക്സ്റ്റോൺ വിനിയോഗിക്കുന്നത് 4800 കോടി രൂപയാണ്. കെകെആർ (Kohlberg Kravis Roberts & Co.) കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രി ഏറ്റെടുക്കുന്നത് 2500 കോടിക്കാണ്.

ഇതൊക്കെ കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആഗോള കോർപറേറ്റ് കമ്പനികൾ തുടരുകയാണ്.

‘ക്വാളിറ്റി കെയർ’ 3,300 കോടി രൂപക്കാണ് കിംസ് ഹെൽത്തിന്റെ 85 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. കിംസ് ഹെൽത്തിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ച് ആശുപത്രികളിലായി – തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തൽമണ്ണ നാഗർകോവിൽ – 1678 കിടക്കകളാണുള്ളത്.

insight kerala

കിംസ് ഏറ്റെടുക്കലിലൂടെ 3,800 കിടക്കകളോടെ അപ്പോളോ ഹോസ്പിറ്റലുകൾ, മണിപ്പാൽ ഹെൽത്ത്, ഫോർട്ടിസ് ഹെൽത്ത്കെയർ എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ വലിയ ആശുപത്രി ഗ്രൂപ്പായി ക്വാളിറ്റി കെയർ മാറും.

ബേബി മെമ്മോറിയൽ ആശുപത്രി വാങ്ങിയ കെ കെ ആർ കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയും ഏറ്റെടുത്തുകഴിഞ്ഞു 1200 കോടിരൂപയുടെ ഇടപാട് ആണ് നടന്നത്.പ്രമുഖ കമ്പനിയായ കെ ഇ എഫ് ഹോൾഡിങ്സ് ആയിരുന്നു മെയ്ത്ര ആശുപത്രിയുടെ ഉടമസ്ഥർ.

രോഗാതുരതയിലും ചികിത്സാ ചെലവിലും രാജ്യത്തെ ‘നമ്പർ വൺ’ സംസ്ഥാനമെന്ന പദവിയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് ആഗോള കോർപറേറ്റുകളെ ആകർഷിക്കുന്ന മുഖ്യ ഘടകം. ചികിത്സക്ക് ആവശ്യമായ രോഗികളെ ലഭിക്കുന്നതും ആ രോഗികളുടെ കൈവശം സ്വന്തം ചികിത്സക്കായി ചെലവഴിക്കാൻ ആവശ്യത്തിന് പണമുണ്ടായിരിക്കുന്നതും ലാഭേച്ഛയോടെ മാത്രം ചികിത്സാ രംഗത്ത് നിക്ഷേപം നടത്തുന്നവരെ ആകർഷിക്കുന്ന ഘടകങ്ങൾ തന്നെയാണ്. ഈ രണ്ട് ഘടകങ്ങളും ഒത്തുചേരുന്നുണ്ട് എന്നതാവാം കേരളം ആഗോള കോർപ്പറേറ്റുകളുടെ ശ്രദ്ധാകേന്ദ്രമാകാൻ കാരണം.

വ്യവസായ രംഗത്ത് പോലും ഇല്ലാത്ത വൻ നിക്ഷേപമാണ് കേരളത്തിന്റെ ആരോഗ്യമേഖലയിൽ സംഭവിക്കുന്നത്. മുടക്ക് മുതൽ തിരിച്ചു കിട്ടും എന്ന ഉറപ്പില്ലാതെ ഈ കോർപ്പറേറ്റ് ഭീമന്മാർ ഇങ്ങനെ ഒരു നിക്ഷേപം നടത്താൻ തയ്യാറാവില്ലെന്ന് ഉറപ്പാണ്. കേരളത്തിൽ ആവർത്തിച്ച് വരുന്ന നിപ പോലുള്ള രോഗങ്ങളും നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയിരുന്ന രോഗങ്ങളുടെ തിരിച്ചു വരവും ഒക്കെ ലാഭക്കണ്ണുകൾ പതിഞ്ഞ മേഖലകളാകാം.

Share This Article
Follow:
കേരളത്തിലെ ടെലിവിഷൻ പത്രപ്രവർത്തനരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് എം.എസ്. സനിൽകുമാർ. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ നിരവധി സുപ്രധാന വാർത്തകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ✨ പത്രപ്രവർത്തനത്തിലെ മികവിന് നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്: മികച്ച ടെലിവിഷൻ ലേഖകനുള്ള ആദ്യ സംസ്ഥാന അവാർഡ്, മികച്ച ഹെൽത്ത് ജേർണലിസ്റ്റിനുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ പുരസ്‌കാരം (രണ്ട് തവണ, ) മികച്ച ഹെൽത്ത് ജേർണലിസ്റ്റിനുള്ള ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സൂര്യ ടി.വി, അമൃത ടി.വി, ഇന്ത്യവിഷൻ, റിപ്പോർട്ടർ ടി.വി തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇൻസൈറ്റ് കേരളയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.