കേരളത്തെ ‘ഫുഡ് ഡെസ്റ്റിനേഷനാ’ക്കാൻ ലക്ഷ്യം: ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാർത്ഥ്യമായി

insight kerala

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തും. ആദ്യ ഘട്ടത്തില്‍ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം കൂടാതെ എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലും ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. കൂടുതല്‍ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സേഫ് ഫുഡ് സ്ട്രീറ്റ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്ത പ്രധാന പദ്ധതിയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ കൂടി വരുന്നു. ആഹാരം ആരോഗ്യകരമാകണം. ഭക്ഷണം സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഒരു കോടി രൂപ ചിലവില്‍ ആണ് തിരുവനന്തപുരത്തെ ഫുഡ് സ്ട്രീറ്റ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ഈ പദ്ധതി ടൂറിസം മേഖലയെ കൂടി ശക്തിപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഡിടിപിസി, എന്‍എച്ച്എം, നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള 18 സ്ഥിരം ഭക്ഷണ സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് സ്ഥലം, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം, വാഷിംഗ് ഏരിയ, ശുചിമുറികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും ഈ ഭക്ഷണ ശാലകള്‍ പ്രവര്‍ത്തനം നടത്തുന്നത്. ശംഖുമുഖത്തെത്തുന്ന പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വിവിധ രുചിവെവിധ്യം സുരക്ഷിതമായി ആസ്വദിക്കാന്‍ ഈ ഫുഡ് സ്ട്രീറ്റ് സഹായകമാകും. തിരുവനന്തപുരത്തിന്റെ തെരുവ് ഭക്ഷണ സംസ്‌കാരത്തിനും രാത്രി ജീവിതത്തിനും പുതിയ മാനം നല്‍കുന്നതാണ് ഈ പദ്ധതി.

നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റണി രാജു എംഎൽഎ മുഖ്യാതിഥിയായി. ഫുഡ്‌സേഫ് സേഫ്റ്റി കമ്മീഷണര്‍ അഫ്‌സാന പര്‍വിന്‍, നഗരസഭാ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്‍, കൗണ്‍സിലര്‍ സെറാഫിന്‍ ഫ്രെഡി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article