മുംബൈ: ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ ടെസ്റ്റ് ഇന്ത്യ ‘എ’ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടിയില്ല സഞ്ജുവിനെ നായകനാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ശ്രേയസ് അയ്യരുടെ അഭാവത്തിൽ യുവതാരം തിലക് വർമയാണ് ഇന്ത്യ ‘എ’ ടീമിനെ നയിക്കുക. ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദാണ് ഉപനായകൻ.
മുൻ ഇന്ത്യൻ നായകന്മാരായ വിരാട് കോലിയെയും രോഹിത് ശർമയെയും ടീമിലേക്ക് പരിഗണിച്ചില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പ്രധാന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി ഏകദിന ടീമിൽ ഇടംനേടി. പഞ്ചാബ് കിംഗ്‌സ് താരം പ്രഭ്‌സിമ്രാൻ സിംഗാണ് ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ. ഏകദിനങ്ങളിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാതിരുന്നത് ചർച്ചയാകുന്നുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കളിക്കുന്ന തിലക് വർമക്ക് പുറമെ അർഷ്ദീപ് സിംഗ്, അഭിഷേക് ശർമ, ഹർഷിത് റാണ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചു.
റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും സഞ്ജുവിനെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല.
റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ജിതേഷ് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. റിയാൻ പരാഗ് ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടതിനാൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെയും എ ടീമിലേക്ക് പരിഗണിച്ചില്ല.
മത്സരക്രമം: ഈ മാസം 13, 16, 19 തീയതികളിലാണ് ഇന്ത്യ ‘എ’ – ദക്ഷിണാഫ്രിക്ക ‘എ’ ടെസ്റ്റ് പരമ്പര നടക്കുക. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ദക്ഷിണാഫ്രിക്ക ‘എ’യ്‌ക്കെതിരായ ഇന്ത്യൻ ‘എ’ ടീം:
തിലക് വർമ്മ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്‌സിമ്രാൻ സിംഗ്.

