കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസ്‌ലിയാണ് കൃത്യം നടത്തിയതെന്നും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. കറുകുറ്റിയിലെ ആന്റണി, റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മയുടെ അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിന്റെ അമ്മ അമ്മൂമ്മയ്ക്കായി കഞ്ഞിയെടുക്കാൻ അടുക്കളയിലേക്ക് പോയ സമയത്താണ് സംഭവം. ഒച്ച കേട്ട് തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കഴുത്തിൽ നിന്ന് ചോര വരുന്ന നിലയിൽ കണ്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
റോസ്‌ലിയുടെ മാനസിക വിഭ്രാന്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോസ്‌ലി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുമാസം മുമ്പ് ഇവർ ഓവർഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു.
മാനസിക വിഭ്രാന്തിയല്ലാതെ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് വിശദമായി പരിശോധിക്കും.

