കണ്ണൂർ: കുറുമാത്തൂരിൽ കിണറ്റിൽ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുറുമാത്തൂർ സ്വദേശികളായ ജാബിൻ-മുബഷിറ ദമ്പതികളുടെ മകൻ അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്.
കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിന് സമീപം കൊണ്ടുവന്നപ്പോൾ അമ്മയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ കിണറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അമ്മയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

