വനിതാ ക്രിക്കറ്റിലെ ചരിത്ര നിമിഷത്തിൽ, ഒരു ലോകകപ്പ് ഫൈനലിനായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ആകർഷിച്ചുകൊണ്ട് ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീം. ഇന്ന്, 2025 നവംബർ 2 ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ 2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ, വനിതാ ക്രിക്കറ്റിന്റെ വളർന്നുവരുന്ന ആഗോള ആകർഷണത്തെ അടിവരയിടുകയും ചെയ്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. 315 ദശലക്ഷത്തിലധികം ആളുകളാണ് ജിയോ ഹോട്സ്റ്റാറിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നതിന്ന്റെ തത്സമയ സംപ്രേഷണം കണ്ടത്. കാഴ്ചക്കാരുടെ എണ്ണത്തിൽ മുൻ റെക്കോർഡുകൾ തകർന്നടിഞ്ഞ മത്സരം ഇന്ത്യയുടെയും ലോകമാനമുള്ള വനിതാ കായിക മത്സരങ്ങളുടെ വാണിജ്യ സാധ്യതകളിലെ നിർണായക മാറ്റവുമാണ് അടയാളപ്പെടുത്തുന്നത്.
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച പങ്കാളിത്തമാണ് ആരാധകരിൽ നിന്നുണ്ടായത്. ചിരവൈരികളായ പാകിസ്ഥാനെതിരായ മികച്ച വിജയങ്ങളും ടൂർണമെന്റിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയവും ഉൾപ്പെട്ട ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ച ശേഷം, സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്കെതിരായ വിജയം വാണിജ്യാടിസ്ഥാനത്തിലും വൻ വിജയമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവി മുംബൈയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന സെമി ഫൈനൽ മത്സരത്തിൽ, ഫോബി ലിച്ച്‌ഫീൽഡിന്റെ 93 പന്തിൽ നിന്ന് 119 റൺസെന്ന വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്‌ട്രേലിയ 338 റൺസിന് എല്ലാവരും പുറത്തായി. എന്നിരുന്നാലും, വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ ചേസുമായി ഇന്ത്യ തിരിച്ചടിച്ചു. 9 പന്തുകൾ ബാക്കി നിൽക്കെ 341/5 എന്ന സ്കോർ നേടി ഇന്ത്യ വിജയ തീരം അണയുമ്പോൾ ജെമീമ റോഡ്രിഗസ് എന്ന ഇരുപത്തിയഞ്ചുകാരി കച്ചവടത്തിന്റെ പുതിയ കണക്കുകൾ കൂടി തീർത്താണ് അപരാജിതയായി മടങ്ങിയത്.
ഐസിസി റിപ്പോർട്ടുകൾ പ്രകാരം, ടൂർണമെന്റിന്റെ ആദ്യ 13 മത്സരങ്ങൾ 60 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ആകർഷിച്ചത് ; 2022 പതിപ്പിനേക്കാൾ അഞ്ചിരട്ടി വർദ്ധനവ്! മുൻകാല റെക്കോർഡുകളേക്കാൾ 12 മടങ്ങ് കൂടുതലാണിത്. ഒക്ടോബർ 5 ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട ഏറ്റുമുട്ടൽ 28.4 ദശലക്ഷം കാഴ്ചക്കാരെയും 1.87 ബില്യൺ മിനിറ്റുകളെയും ആകർഷിച്ചിരുന്നു. ഇത് ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ലീഗ്-സ്റ്റേജ് ഗെയിമുമായി മാറി. ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനലും അതേപടി തുടർന്നു, ജിയോഹോട്ട്സ്റ്റാറിൽ ഒരേസമയം 4.8 ദശലക്ഷം കാഴ്ചക്കാരെയും മൊത്തത്തിൽ 131 ദശലക്ഷം കാഴ്ചക്കാരെയും ആകർഷിച്ചു. എന്നാൽ ഫൈനലോടെ, ഈ കണക്കുകൾ ചരിത്രമായി മാറുകയായിരുന്നു. ജിയോഹോട്ട്സ്റ്റാറിന്റെ കണക്കനുസരിച്ച് സാധാരണ ഗതിയിൽ ആദ്യ ഓവറുകളിൽ പരമാവധി 12 കോടിയോളം കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. മത്സരാവസാനം ഇത് 31.5 കോടി ആയിരുന്നു.
കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ ഈ ഉയർച്ച വനിതാ ലോക കപ്പ് ക്രിക്കറ്റിന്റെ വാണിജ്യ സാധ്യതയും വർധിപ്പിച്ചിരുന്നു. ഇന്ത്യ – സൗത്ത് ആഫ്രിക്ക ഫൈനലിന്റെ പരസ്യ നിരക്കുകൾ 40% ആണ് വർദ്ധിച്ചത്. സ്റ്റാർ സ്പോർട്സ്, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ തുടങ്ങിയ ചാനലുകളുടെ ഏകീകൃത മാർക്കറ്റിംഗ് ശ്രമങ്ങളെയും ഹോം-ടീം ഘടകത്തെയും ഐസിസിയും പ്രശംസിച്ചിരുന്നു. സമാനമായ പ്രതികരണങ്ങളാണ് എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരിൽ നിന്നുമുണ്ടായത്. ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ നിന്ന് തിരക്കേറിയ വേദികളിലേക്കും തത്സമയ സ്ട്രീമുകളിലേക്കും മാറിയതിനെ എടുത്തു കാണിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ 1.2 കോടിയിൽ നിന്ന് 16.3 കോടി കാഴ്ചക്കാരായി ഉയർന്നു. സെലിബ്രിറ്റികളും ക്രിക്കറ്റ് ഇതിഹാസങ്ങളും ഒരുപോലെ ടീമിനെ പ്രശംസിച്ചു, ഇത് ലോകം മുഴുവനുമുള്ള വനിതാ കായിക വിനോദങ്ങൾക്ക് ഒരു “ഇൻഫ്ലക്ഷൻ പോയിന്റ്” ആയി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
വനിതാ കായികരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയാകും 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് എന്നതിൽ സംശയമില്ല. തന്ത്രപരമായ പ്രമോഷനുകളും വർദ്ധിച്ച മാധ്യമ കവറേജും വനിതാ ക്രിക്കറ്റിന് കൂടുതൽ സ്വീകാര്യത നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഈ കുതിപ്പ് നിലനിർത്തുന്നതിന് ഭാവിയിലെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, തുല്യ വേതനം, അടിസ്ഥാനതല പരിശീലന പരിപാടികൾ എന്നിവയിൽ തുടർച്ചയായ നിക്ഷേപം ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2011 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഫൈനലാണ് കാഴ്ചക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഉള്ളത്. ഇന്ത്യ മുംബൈയിൽ നടന്ന ഇന്ത്യ – ശ്രീലങ്ക മത്സരം 558 ദശലക്ഷം പ്രേക്ഷകരാണ് തത്സമയം കണ്ടത്. അതേ ടൂർണ്ണമെന്റിന്റെ സെമി ഫൈനലിൽ 495 ദശലക്ഷം പ്രേക്ഷകർ തത്സമയം കണ്ട ഇന്ത്യ – പാകിസ്ഥാൻ മത്സരമാണ് ഈ ഗണത്തിൽ രണ്ടാം സ്ഥാനത്ത്.

