കണ്ണൂർ: ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷെറിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കണ്ണൂരിലെ പാനൂരിൽ നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഡിവൈഎഫ്ഐ ഷെറിന് രക്തസാക്ഷി പദവി നൽകിയത്.
2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീടിന്റെ ടെറസിന് മുകളിൽ ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ഷെറിൻ കൊല്ലപ്പെടുകയും ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മറ്റ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷെറിൻ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ഈ കേസിൽ പ്രതികളായിരുന്നത്.
സംഭവം നടന്ന ഉടൻതന്നെ സി.പി.എം. വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ബോംബ് നിർമ്മാണത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ, ഡിവൈഎഫ്ഐയുടെ നിലവിലെ പ്രഖ്യാപനം പാർട്ടിയുടെ ഔദ്യോഗിക നിലപാട് മാറിയോ എന്ന സംശയം പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉയർത്തുന്നുണ്ട്.
നേരത്തെയും സമാനമായ സംഭവം നടന്നപ്പോൾ ഷെറിന്റെ വീട്ടിലേക്ക് പ്രാദേശിക സി.പി.എം. നേതാക്കൾ നടത്തിയ സന്ദർശനവും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെടുന്ന പ്രവർത്തകരെ സി.പി.എം. രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പാനൂർ ചെറ്റക്കണ്ടിയിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നീ പ്രവർത്തകർക്കുവേണ്ടി കഴിഞ്ഞ വർഷം സി.പി.എം. രക്തസാക്ഷി സ്മാരകം പണിതതും വലിയ വിവാദമായിരുന്നു. രക്തസാക്ഷി പദവി നൽകാനുള്ള ഡിവൈഎഫ്ഐയുടെ തീരുമാനം മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

