
- അബ്രഹാം കുര്യൻ
മമ്മൂട്ടിക്ക് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം വീണ്ടും.
ഇത് ഏഴാം തവണയാണ് മമ്മൂട്ടിക്ക് നല്ല നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നത്.
1984 ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ആദ്യം സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 1989 ൽ രണ്ടാമത് പുരസ്‌കാരം ലഭിച്ചു. ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ മൂന്നു ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. 1993ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് വീണ്ടും പുരസ്‌കാരം ലഭിച്ചു. 2004 ൽ കാഴ്ചയിലെ അഭിനയത്തിനായിരുന്നു സംസ്ഥാന അവാർഡ്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്ക് 2009ൽ വീണ്ടും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2022 ൽ നൻ പകൽനേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ആറാമത്തെ സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കി.
വേരു ചുറ്റിയ തൂണും കോണീം നിഴലും മേലേത്തളവും എരിഞ്ഞു കത്തുന്ന അടുപ്പും നീളൻ വരാന്തകളും ഇരുണ്ട കുളവും വിറക് കൂനയും ചൂട്ടും പന്തവും ഉറി നിറഞ്ഞ ചട്ടികളും ഭരണികളും വാറ്റുപുരയും മന്ത്ര മുറിയും മൃഗക്കെണിയും കിണ്ടിയും കിണ്ണവും നാലു വശങ്ങളും ഒരുപോലെയിരിക്കുന്ന ഓടടർന്ന മേൽക്കൂരയുമുള്ള കൊടുമൺ പോറ്റിയുടെ കഥ പറഞ്ഞ ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുതിയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിക്ക് മരണത്തിന്റെ മണമാണ്. അധികാരത്തിന്റെ ലഹരി നുണഞ്ഞ് അടുത്തെത്തുന്നവരെ മരണം വരെ അടിമകളാക്കി മാറ്റുന്ന സ്വയം ദൈവമായവൻ. പടി കടന്ന് മനയുടെ അകത്ത് കടന്നാൽ പിന്നെ ആർക്കും പുറത്ത് കടക്കാനാവില്ല. ഓർമ്മ നഷ്ടപ്പെട്ട് ചിത്തഭ്രമം പിടിച്ച് മരണക്കുഴിയിൽ വീഴും.
രാഹുൽ സദാശിവത്തിന്റെ മൂന്നാമത്തെ ചലച്ചിത്രമാണ് ഭ്രമയുഗം.. പ്രേക്ഷകർ നമ്മളെ കൂടി പുഴ കടത്തി മനയിലെത്തിക്കുന്നു. പുഴ മറിഞ്ഞും തിരിഞ്ഞും ഒഴുകും. ഒന്ന് അക്കര കടക്കാൻ പെടാപാടു പെടും. മനയിൽ എല്ലാം തീരുമാനിക്കുന്നത് പോറ്റിയാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസം മമ്മൂട്ടിയുടെ കൊടുമൺ പോറ്റി നമ്മെ തെല്ലൊന്നുമല്ല അമ്പരിപ്പിക്കുന്നത്. അധികാരത്തിന്റെ മതിഭ്രമത്തിലാറാടുകയാണ് മമ്മൂട്ടി. പൂജ, മന്ത്രം, പാട്ട്, ചിരി, വെറ്റില മുറുക്ക്, കസേരയിലെ ഇരിപ്പ്, മുഖത്തെ ക്രൗര്യം… എന്താ മമ്മൂട്ടിയുടെ പെർഫോമൻസ്. തിഥിയും പക്കവും നോക്കാതെത്തുന്ന അതിഥിയ്ക്ക് പായും അന്നവും ഊട്ടുന്നവൻ. മമ്മൂട്ടിയുടെ ചാത്തൻ നിറഞ്ഞാടുകയാണ്.
നായകൻ, വില്ലൻ, ഇത്തരം സങ്കല്പങ്ങൾ വഴിമാറുകയാണ്. പുതിയ ലോകത്തെ കണ്ണും കാതും തുറന്ന് വെച്ച് കാണുന്ന മമ്മൂട്ടി പുതിയ സംവിധായകരുടെ തോഴനായി മാറുന്നു. പഴയ കാലഘട്ടത്തെ ചിത്രീകരിക്കുന്ന ഈ സിനിമയുടെ കറുപ്പിലും വെളുപ്പിലുമുള്ള മേക്കിംഗ്, പ്രേക്ഷകന്റെ മൂഡിനെ 100 % ചിത്രത്തിലേക്ക് ആവാഹിക്കാൻ കഴിഞ്ഞു.
മനയ്ക്കകത്തെയും പുറത്തെയും കറുപ്പിന്റേയും വെളുപ്പിന്റേയും ചിത്രീകരണം തിയറ്ററിന്റെ ഇരുട്ടിലിരുന്ന് നാം കാണുമ്പോൾ ലഭിക്കുന്ന ആനന്ദം വർണ്ണനാതീതമാണ്. ക്യാമറ ചലിപ്പിച്ചത് ഷെനാദ് ജലാലി.
തെക്കോട്ടുള്ള വഴിയിൽ ആരും പ്രവേശിക്കരുത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന നിറയെ അറകളുള്ള മനയാണിത്. അതുകൊണ്ട് കേട്ടിട്ടില്ലാത്ത ശബ്ദമൊക്കെ കേട്ടെന്ന് വരും. അതൊന്നും ശ്രദ്ധിക്കേണ്ട.
പിന്നെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ വേണ്ട.
‘എന്താ മുഖത്തെ തേജസ്?
ജ്ഞാനിയാ ‘
ജ്ഞാനിയോ?
കള്ളനാ ചതിക്കും.
നുണ പറഞ്ഞ് വിശ്വസിപ്പിക്കും.
ഹിതമല്ലാത്തത് പറയുന്നവന് മരണക്കുഴി ഒരുക്കും.
പ്രതിഷേധിക്കുന്നവനെ അടിച്ചമർത്തി അവരുടെ വേദനകളെ കണ്ട് ഉന്മാദം ഉണ്ടാകുന്നയാൾ!
സ്വയം ദൈവമായി സാധാരണ മനുഷ്യരിൽ പടർന്ന് കയറും. ചിരിയിൽ മയക്കും.
എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടതാ.
ഇനി അതാർക്കും ഒന്നും തിരുത്താൻ കഴിയില്ല.
അടിമകളെ തെറ്റിക്കാനും ഒത്തുകൂടുന്നത് പൊളിക്കാനും ചെങ്കോൽ വീശും പോറ്റി.
ചിത്രത്തിന് ഇങ്ങനെയൊക്കെ രാഷ്ട്രീയം കലർത്തി സംഭാഷണം എഴുതിയത് ടി ഡി. രാമകൃഷ്ണനാണ്.
വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഈ ചിത്രം ഒരു വഴിതുറക്കുന്നുണ്ട്.
ഫിലിം മേക്കിംഗിൽ രാഹുൽ കാട്ടുന്ന മികവ് ശ്രദ്ധേയമാണ്. പാലക്കാട്ടുള്ള ഒളപ്പമണ്ണമനയെ മനോഹരമായി നൂറ്റാണ്ടുകൾക്ക് മുൻപുള്ള കൊടുമൺ മനയായി രൂപാന്തരപ്പെടുത്തിയ കലാസംവിധായകൻ ജ്യോതിഷ് ശങ്കറെക്കുറിച്ച് പറയാതെ വയ്യ. കലാരൂപങ്ങളും ആഭരണങ്ങളുമൊക്കെ നിർമ്മിച്ചിരുന്ന നിയണ്ടർതാൻ സമൂഹത്തെ മുപ്പതിനായിരം വർഷം മുമ്പ് അധികാരം ലഭിച്ച ഏതോ ഒരു ഏകാധിപതി ഇല്ലാതാക്കി.
ദാ ചരിത്രം ആവർത്തിക്കുകയാണ്.ഇത് ഭ്രമയുഗം! കലിയുഗത്തിന്റെ അപഭ്രംശം. സഹസ്രാബ്ദങ്ങൾ നീളുന്ന ഹിംസയുടെ ഒരു ഉന്മാദലോകം. അധികാരം കൈയിലുള്ളവർക്ക്, ബലഹീനന്റെ സ്വാതന്ത്യം വെച്ച് കളിക്കുന്നത് ഒരു രസാ…. അതിന് ബലഹീനൻ ഒരു കുറ്റവും ചെയ്യണമെന്നില്ല.
ചാത്തനെ കൊന്ന് അധികാരത്തിന്റെ പ്രതീകമായ മോതിരത്തെ സ്വന്തമാക്കാൻ നടക്കുന്ന മല്ലയുദ്ധം.
പാണന്റ കാതിലെ കടുക്കൻ ചെവി മാറി കിടക്കുന്നത് കണ്ട് അരിവെപ്പുകാരൻ പേടിച്ച് ഓടുന്നു. ക്ഷീണിച്ചവശനായി പുഴ കടക്കാൻ അയാൾ ശ്രമിക്കുമ്പോൾ മുന്നിൽ പോർച്ചുഗീസ് പട്ടാളം.
പട്ടാള മേധാവി അപ്പോൾ ചോദിക്കുന്നു: ‘എന്താണവിടെ?’
‘ഒരു ഭ്രാന്തൻ ‘
പെട്ടെന്ന്
വെടി പൊട്ടുന്നു.
പട്ടാള മേധാവി പറയുന്നു.
‘മുന്നോട്ട് ‘
അതേ മുന്നോട്ട് ‘.
പട്ടാളം പുഴ കടന്ന് മുന്നോട്ട് നീങ്ങുകയാണ്.
അധിനിവേശമോ?
ഒരു നാടിന്റെ ഭ്രാന്തിനെ ഇല്ലാതാക്കാനെത്തിയ പടിഞ്ഞാറിന്റെ വെളിച്ചമോ?
മമ്മൂട്ടിയുടെ കൊടുമൺ പോറ്റി എത്ര മായ്ച്ചാലും മനസ്സിൽ നിന്നും പോവില്ല.
ബഹുമുഖ അഭിനയ മെതേഡുകളിലെ രാജാവാണ് മമ്മൂട്ടി.
ശക്തമായ ഭാവങ്ങൾ പ്രകടിപ്പിച്ചും വലിയ സംഭാഷണങ്ങൾ ഉരുവിട്ടുമുള്ള ക്ലാസ്സിക്കൽ ആക്ടിംഗ് രീതി, അഥവാ ഷേക്‌സ്പീരിയൻ അഭിനയ രീതി, ഒരു കഥാപാത്രത്തിന്റെ യഥാർത്ഥ ജീവിത പരിസ്ഥിതിയെ ആന്തരികമായി അനുഭവിപ്പിച്ച് പ്രകടിപ്പിക്കുന്ന സ്റ്റാനി സ്ലാവ്‌സ്‌കി അഭിനയ രീതി. അഭിനേതാവ് ഒരു കഥാപാത്രമായി ജീവിക്കുന്നു എന്ന് പൊതുവെ പറയുന്ന മെതേഡ് ആക്ടിംഗ് രീതി,
ഒരു അഭിനേതാവിന്റെ പ്രകടനത്തിൽ നിന്നും പ്രേക്ഷകൻ ചിന്തിച്ചു തുടങ്ങുന്ന ബെഷ്ട്യൻ ആക്ടിംഗ് അഥവാ എപിക് തീയറ്റർ അഭിനയ മാതൃക, ശരീരവും ശരീരഭാവങ്ങളും ക്രൂരമായ യാഥാർത്ഥ്യങ്ങളിലേക്ക് വഴുതി വീഴാൻ പാകത്തിലുള്ള തിയറ്റർ ഓഫ് ക്രൂവൽറ്റി അഭിനയ രീതി, കല്പനാ ശക്തിയും സൈക്കോളജിക്കൽ ജസ്റ്ററുകളും നിറഞ്ഞ നാച്ചുറലായ അഭിനയം. വലിയ ഭാരങ്ങൾ ഒന്നുമേയില്ല. ഇത്രയേ ഉള്ളോ എന്ന് ചോദിപ്പിക്കാൻ തോന്നുന്ന റിയൽ ആക്ടിംഗ് മെതേഡ്… ഒരു അഭിനേതാവിന്റെ ശരീരം തന്നെ ഒരു കഥ പ്രേക്ഷകനോട് പറയുന്ന ഫിസിക്കൽ ആക്ടിംഗ് മെതേഡ്… എക്‌സ്പ്രഷ്യനിസ്റ്റ് ആക്ടിംഗ് രീതി… മെയ്‌സ്‌നർ മെതേഡ് ആക്ടിംഗ് രീതി. ഇങ്ങനെ അഭിനയമെത്തേഡുകൾ ഏതെടുത്താലും മമ്മൂട്ടിയെ ആ കള്ളിയിലൊക്ക പെടുത്താം. സ്വപ്‌നങ്ങൾക്കും അപ്പുറമുള്ള ഭ്രാന്തൻ ആശയങ്ങളുമായി വരുന്ന പുത്തൻ തലമുറയ്‌ക്കൊപ്പമാണ് ഇപ്പോൾ മമ്മൂട്ടി. അവരുടെ ഡിസ്പററ്റീവ് സിനിമകൾക്കായി ഡിസ്പററ്റീവ് ആക്ടിംഗ് വേണമെങ്കിൽ ചെയ്യാനും മമ്മൂട്ടി തയ്യാർ.
കാലം എന്തൊരു അരസികനാ. വിരസതയുടെ പ്രളയത്തിൽ പെട്ട് മുങ്ങി താഴുമ്പോൾ നമുക്ക് പകിട കളി തന്നെയാ നല്ലത്. കൊടുമൺ പോറ്റി പറയുന്നത് കേട്ടില്ലേ?
