ചെന്നൈ: സംഗീത ലോകത്തെ വിസ്മയമായ ഇളയരാജ, മകളുടെ ഓർമ്മ നിലനിർത്താൻ പെൺകുട്ടികൾക്ക് മാത്രമായി ഒരു പ്രത്യേക സംഗീത സംഘം ഒരുക്കുന്നു. വിഖ്യാത സംഗീത സംവിധായകന്റെ മകളും ഗായികയും സംഗീത സംവിധായികയുമായിരുന്ന ഭവതാരിണിയുടെ ഓർമ്മയ്ക്കായാണ് ‘ഭവതാ ഗേൾസ് ഓർക്കസ്ട്ര’ എന്ന പേരിൽ ഈ പുതിയ സംരംഭം.
കാൻസർ ബാധിച്ച് 2024 ജനുവരി 25 ന് ശ്രീലങ്കയിൽ വെച്ചാണ് ഭവതാരിണി അന്തരിച്ചത്. മകളുടെ വലിയ ആഗ്രഹമായിരുന്ന ഒരു ഓർക്കസ്ട്രയെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയരാജ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാവുകയാണ്.
ഇത് നിങ്ങൾക്ക് തിളങ്ങാനുള്ള വേദി!
സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് മാത്രമായൊരുക്കുന്ന പുതിയ ഓർക്കസ്ട്രയുടെ മുഖ്യ ലക്ഷ്യം സംഗീത മേഖലയിലെ യുവപ്രതിഭകൾക്ക് അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുക എന്നതാണ്.
ഭവതാരിണി ഗേൾസ് ഓർക്കസ്ട്രയിലേക്ക് പ്രതിഭകളെ ക്ഷണിച്ചുകൊണ്ട് ഇളയരാജ കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവച്ച പോസ്റ്ററിൽ ഇങ്ങനെ കുറിച്ചു: “നിങ്ങൾ ഒരു അഭിലാഷമുള്ള ഗായികയോ സംഗീതജ്ഞയോ ആണെങ്കിൽ, ഈ അവസരം നഷ്ടപ്പെടുത്തരുത്, ഇത് നിങ്ങൾക്ക് തിളങ്ങാനുള്ള ഒരു വേദിയാണ്… അതിനാൽ, നിങ്ങളുടെ കഴിവുകളുൾപ്പെടുത്തിയ പ്രൊഫൈലും, ബന്ധപ്പെടാനുള്ള വിശദാംശങ്ങളും allgirlsorchestra@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക, ഞാൻ ഉടൻ നിങ്ങളെ ബന്ധപ്പെടും.”
പുതിയ പ്രതിഭകളെ കണ്ടെത്തി തന്റെ സംഗീത സംവിധാനത്തിൽ ലോകം മുഴുവനും പരിപാടികൾ അവതരിപ്പിക്കാനാണ് ഭവതാരിണി ഗേൾസ് ഓർക്കസ്ട്രയിലൂടെ ഇളയരാജ ലക്ഷ്യമിടുന്നത്.

